ഓട്ടവ: കാനഡ പാര്‍ലമെന്റ് സ്ഥിതി ചെയ്യുന്ന പാര്‍ലമെന്റ് ഹില്ലിലെ സെന്റര്‍ ബ്ലോക്കിന്റെ വര്‍ഷങ്ങള്‍ നീളുന്ന വന്‍കിട പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമുള്ള നിര്‍ദ്ദിഷ്ട ചിത്രങ്ങളും രൂപരേഖയും സെനറ്റ് ഓഫ് കാനഡ പുറത്തുവിട്ടു. 2018-ല്‍ ആരംഭിച്ച ശതകോടി ഡോളറിന്റെ ഈ പദ്ധതിയിലൂടെ ചരിത്രപ്രസിദ്ധമായ മന്ദിരത്തിന്റെ സുരക്ഷയും ആധുനിക സൗകര്യങ്ങളും വര്‍ധപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
മൂന്ന് നിലകളിലായി നിര്‍മ്മിക്കുന്ന പുതിയ പാര്‍ലമെന്റ് വെല്‍ക്കം സെന്ററിന്റെ മണ്ണെടുപ്പ് പൂര്‍ത്തിയായതായും താഴ്ന്ന രണ്ട് നിലകളുടെ നിര്‍മ്മാണം 75 ശതമാനത്തോളം പൂര്‍ത്തിയായതായും സെനറ്റ് അറിയിച്ചു. പ്രധാന കെട്ടിടത്തെയും വെല്‍ക്കം സെന്ററിനെയും ബന്ധിപ്പിക്കുന്ന പുതിയ അണ്ടര്‍ഗ്രൗണ്ട് തലങ്ങള്‍ക്കായി മണ്ണെടുക്കല്‍ തുടരുകയാണ്. കൂടാതെ, പ്രസിദ്ധമായ പീസ് ടവറിന് (Peace Tower) സെന്റര്‍ ബ്ലോക്കിന്റെ പ്രധാന തളവുമായി ബന്ധിപ്പിച്ച് പുതിയ അടിത്തറയും ഒരുക്കിയിട്ടുണ്ട്.

പുതിയ പാര്‍ലമെന്റ് വെല്‍ക്കം സെന്റര്‍, സെനറ്റ് ചേംബര്‍, പാര്‍ലമെന്റിന് ചുറ്റുമുള്ള പരിസരങ്ങള്‍ എന്നിവയുടെ നിര്‍ദ്ദിഷ്ട രൂപകല്പനകളാണ് നിലവില്‍ പുറത്തുവിട്ടിട്ടുള്ളത്. കെട്ടിടത്തിന്റെ പാരമ്പര്യ തനിമ നിലനിര്‍ത്തിക്കൊണ്ട് തന്നെ ഇലക്ട്രിക്കല്‍, ഫയര്‍ സേഫ്റ്റി, എയര്‍ കണ്ടീഷനിംഗ് സംവിധാനങ്ങള്‍ പൂര്‍ണ്ണമായും ആധുനികീകരിക്കും. 4.5 ബില്യണ്‍ മുതല്‍ 5 ബില്യണ്‍ കനേഡിയന്‍ ഡോളര്‍ വരെ ചിലവ് പ്രതീക്ഷിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2030-2031 കാലയളവില്‍ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.
