ബ്രാംപ്ടണ്‍: ബ്രാംപ്ടണില്‍ മലയാളി വയോധികയുടെ മാല കവര്‍ന്ന സംഭവത്തില്‍ നടപടി വൈകുന്നതില്‍ ആശങ്കയറിച്ച് കുടുംബം. ഡൗണ്‍ടൗണിനടുത്ത് വീടിന് മുന്നില്‍ നില്‍ക്കുക ആയിരുന്ന മലയാളി വയോധികയുടെ മാല കാറിലെത്തിയ സംഘമാണ് കവര്‍ന്നത്. സംഭവം പോലീസില്‍ അറിയിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ല എന്ന് കുടുംബം ആരോപിക്കുന്നു.
സെപ്തംബര്‍ 29 ഞായറാഴ്ച ഉച്ചകഴിഞ്ഞ് ആണ് സംഭവം നടക്കുന്നത്. വീടിന്റെ മുന്നിലെ CCTV യില്‍ വയോധികയുടെ തൊട്ടടുത്ത് ഒരാൾ വന്ന് നില്‍ക്കുന്നതും എന്തോ ചോദിക്കാനെന്ന വ്യാജേന വയോധികയെ കാറിനടുത്തേക്ക് വിളിക്കുകയും ചെയ്യുന്നത് കാണാം. തുടര്‍ന്ന് പര്‍ദ്ദ ധരിച്ച ഒരു സ്ത്രീ കാറില്‍ നിന്ന് ഇറങ്ങി വയോധികയോട് എന്തോ സംസാരിക്കാന്‍ ശ്രമിക്കുകയും പെട്ടന്ന് മാല പൊട്ടിച്ച് കാറില്‍ രക്ഷിപെടുന്നതും CCTV വീഡിയോയില്‍ വ്യക്തമാണ്.

സംഭവം പോലീസിലും ബന്ധപ്പെട്ട പ്രാദേശിക അധികൃതരിലും അറിയിച്ചിട്ടുണ്ടെന്നും എന്നാല്‍, അധികൃതരില്‍ നിന്ന് ഇതുവരെ തുടര്‍നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും കുടുംബം വ്യക്തമാക്കി. പകല്‍ വെളിച്ചത്തില്‍ നടന്ന ഈ കവര്‍ച്ച സമൂഹത്തിലെ മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ്.

സമൂഹത്തിലെ അംഗങ്ങളോട്, പ്രത്യേകിച്ച് മുതിര്‍ന്ന പൗരന്മാരോടും അവരുടെ കുടുംബങ്ങളോടും, ജാഗ്രത പാലിക്കാനും പുറത്തുപോകുമ്പോള്‍, പകല്‍ സമയത്ത് പോലും, അധിക മുന്‍കരുതലുകള്‍ സ്വീകരിക്കാനും ഈ കുടുംബം അഭ്യര്‍ത്ഥിച്ചു.

