Wednesday, September 30, 2026

‘AI’ ഇനി ‘സൂപ്പര്‍ ഇന്റലിജന്‍സ്’: ചരിത്രപരമായ ഉത്തരവില്‍ ഒപ്പുവെച്ച് ട്രംപ്

വാഷിങ്ടണ്‍: ‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്’ (AI) എന്ന പദപ്രയോഗത്തിന് പകരം ‘സൂപ്പര്‍ ഇന്റലിജന്‍സ്’ (SI) എന്ന് ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെച്ചു. ‘ഇനാഗുറേറ്റിംഗ് ദി എറ ഓഫ് സൂപ്പര്‍ ഇന്റലിജന്‍സ്’ എന്നാണ് ഈ ഉത്തരവിന് പേരിട്ടിരിക്കുന്നത്. ഇതോടെ അമേരിക്കന്‍ ഗവണ്‍മെന്റിന്റെ എല്ലാ ഔദ്യോഗിക തലങ്ങളിലും ‘എഐ’ എന്ന വാക്കിന് പകരം ‘എസ്ഐ’ എന്ന വാക്കായിരിക്കും ഇനി മുതല്‍ ഔദ്യോഗികമായി ഉപയോഗിക്കുക.

ഏകദേശം 70 വര്‍ഷത്തോളം പഴക്കമുള്ള ‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്’ എന്ന പഴയ നിര്‍വ്വചനത്തേക്കാള്‍ എത്രയോ മുകളിലാണ് ഇന്നത്തെ അമേരിക്കന്‍ സാങ്കേതികവിദ്യയുടെ ശേഷിയും വളര്‍ച്ചയുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. കേവലം മനുഷ്യന്റെ ബുദ്ധിയെ അനുകരിക്കുകയോ ചെറിയ ജോലികള്‍ ഓട്ടോമേറ്റ് ചെയ്യുകയോ ചെയ്യുന്നതിനപ്പുറം ശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും മുന്‍പ് അസാധ്യമെന്ന് കരുതിയ കാര്യങ്ങള്‍ സാധ്യമാക്കാന്‍ ഇന്നത്തെ സിസ്റ്റങ്ങള്‍ക്ക് കഴിയുന്നുണ്ടെന്നാണ് വിലയിരുത്തല്‍.

എക്സിക്യൂട്ടീവ് വകുപ്പുകള്‍, ഏജന്‍സികള്‍, വെബ്സൈറ്റുകള്‍, ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍, ഭരണനയ രേഖകള്‍ എന്നിവയിലെല്ലാം ഈ മാറ്റം ഉടനടി നിലവില്‍ വരും. എങ്കിലും, മുന്‍പ് പുറപ്പെടുവിച്ച റെഗുലേഷനുകള്‍, നിലവിലുള്ള ഗവണ്‍മെന്റ് കരാറുകള്‍, ഗ്രാന്റുകള്‍, അല്ലെങ്കില്‍ ചരിത്രപരമായ ആര്‍ക്കൈവ് രേഖകള്‍ എന്നിവയ്ക്ക് ഈ ഉത്തരവ് മുന്‍കാല പ്രാബല്യത്തോടെ ബാധകമാകില്ല.

ഈ പ്രഖ്യാപനത്തിന് മുന്നോടിയായി വൈറ്റ് ഹൗസില്‍ സംഘടിപ്പിച്ച ഉന്നതതല യോഗത്തില്‍ ഇലോണ്‍ മസ്‌ക്, മാര്‍ക്ക് സക്കര്‍ബര്‍ഗ്, സുന്ദര്‍ പിച്ചൈ, ജെന്‍സന്‍ ഹുവാങ്, ദാരിയോ അമോഡെയ് തുടങ്ങിയ പ്രമുഖ ടെക് കമ്പനി സിഇഓമാര്‍ പങ്കെടുത്തു. സൂപ്പര്‍ ഇന്റലിജന്‍സ് സുരക്ഷിതമായി വികസിപ്പിക്കുന്നതിനും അമേരിക്കയെ സാങ്കേതിക രംഗത്തും ദേശീയ സുരക്ഷയിലും മുന്നിലെത്തിക്കുന്നതിനുമായി വൈറ്റ് ഹൗസും ടെക് ഭീമന്മാരും തമ്മില്‍ കൃത്യമായ ധാരണയിലെത്തുകയും ചെയ്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!