Friday, October 2, 2026

‘പറഞ്ഞത് യാഥാർഥ്യം’; ആരുടേയും പിന്തുണയ്ക്ക് വേണ്ടിയല്ല പ്രതികരിച്ചതെന്ന് അടൂർ പ്രകാശ്

തിരുവനന്തപുരം: യുഡിഎഫിനുള്ളിൽ യാതൊരു പ്രശ്നങ്ങളുമില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. താൻ പറഞ്ഞ കാര്യങ്ങളെല്ലാം യാഥാർഥ്യത്തിന്റെ അടിസ്ഥാനത്തിലുള്ളതാണെന്നും പറയേണ്ട കാര്യങ്ങളാണ് തുറന്നുപറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. ആരുടേയും പിന്തുണ നേടുന്നതിനുവേണ്ടിയല്ല പ്രതികരിച്ചതെന്നും അടൂർ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു.

സ്ഥാനമാനങ്ങൾ നൽകുന്നതിൽ തനിക്ക് എതിർപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എം.കെ. മുനീറും ജി. ദേവരാജനും മുന്നണിയെ അധികാരത്തിലെത്തിക്കാൻ പ്രവർത്തിച്ച മുതിർന്ന നേതാക്കളാണെന്നും ഇരുവരും മികച്ച നേതാക്കളാണെന്നും അടൂർ പ്രകാശ് പറഞ്ഞു. എന്നാൽ ചില വിഷയങ്ങളിൽ ആവശ്യമായ കൂടിയാലോചനകൾ നടന്നിട്ടില്ലെന്നാണ് താൻ ചൂണ്ടിക്കാട്ടിയതെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി പറയേണ്ട കാര്യങ്ങളിൽ തനിക്ക് പ്രതികരിക്കാനാകില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു. “ഞാൻ പറഞ്ഞ കാര്യങ്ങൾ ആരും തള്ളിക്കോട്ടെ. വിമർശന ചേരിയിൽ ഞാൻ ഒറ്റയ്ക്കാണ്. കെപിസിസി പ്രസിഡന്റിന്റെ കാര്യത്തിൽ എഐസിസി തീരുമാനിക്കട്ടെ. മുഖ്യമന്ത്രിയുമായി യാതൊരു തർക്കവുമില്ല,” അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ സമീപനം എല്ലാവരും കാണുന്നുണ്ടെന്നും അത് വിലയിരുത്തേണ്ടത് പൊതുസമൂഹമാണെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു. തന്റെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് കഴിഞ്ഞ ദിവസം പ്രതികരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞെടുപ്പിന് ശേഷം ഇതുവരെ ഒരിക്കൽ മാത്രമാണ് യുഡിഎഫ് യോഗം ചേർന്നതെന്നും തനിക്ക് പറയാനുള്ള കാര്യങ്ങൾ എഐസിസിയെ അറിയിക്കുമെന്നും അടൂർ പ്രകാശ് പറഞ്ഞു.

അതേസമയം, എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും നടത്തുന്ന ചില സമരപരിപാടികളെയും അദ്ദേഹം വിമർശിച്ചു. ഇരു സംഘടനകളും ചേർന്ന് നടത്തുന്ന പല സമരങ്ങളും ന്യായീകരിക്കാനാകാത്തതാണെന്നാണ് അടൂർ പ്രകാശിന്റെ പ്രതികരണം. ഇത്തരം സമരങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങൾക്കൊപ്പമാണോ നിലപാടെന്ന് സംഘടനകൾ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുഡിഎഫിലോ കോൺഗ്രസിലോ യാതൊരു വിധത്തിലുള്ള സംഘർഷങ്ങളുമില്ലെന്നും അടൂർ പ്രകാശ് ആവർത്തിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!