റിയാദ്: ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനം സൗദി അറേബ്യയിലെ തബൂക്കിൽ അടിയന്തരമായി ഇറക്കിയ സംഭവത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്. വിമാനത്തിനുള്ളിൽ കോ-പൈലറ്റ് ക്യാപ്റ്റനെ ആക്രമിച്ചതായാണ് അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
യുഎഇയിൽ നിന്നുള്ള സുരക്ഷാ സംഘവുമായി സഹകരിച്ച് സൗദി അധികൃതർ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് പൈലറ്റുമാർ തമ്മിൽ വിമാനത്തിനുള്ളിൽ ഏറ്റുമുട്ടലുണ്ടായതായി കണ്ടെത്തിയത്. കോ-പൈലറ്റിന്റെ ആക്രമണത്തിൽ ക്യാപ്റ്റനും തുടർന്ന് കോ-പൈലറ്റിനും പരുക്കേറ്റതായും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
സംഭവത്തെ തുടർന്ന് ഇരുവരെയും വൈദ്യപരിശോധനയ്ക്കും ചികിത്സയ്ക്കുമായി തബൂക്കിലെ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി. പരിശോധനകൾ പൂർത്തിയാക്കിയ ശേഷം ഒക്ടോബർ ഒന്നിന് ഇരുവരും സൗദിയിൽ നിന്ന് അബൂദബിയിലേക്ക് മടങ്ങി. യുഎഇ സുരക്ഷാ സംഘവും ഇവർക്കൊപ്പമുണ്ടായിരുന്നു.
തബൂക്കിലെ പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബുധനാഴ്ച രാവിലെ 9.45ഓടെയാണ് വിമാനം സുരക്ഷിതമായി ഇറക്കിയത്. 174 യാത്രക്കാരും എട്ട് ജീവനക്കാരുമടക്കം 182 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കി ഇന്ത്യൻ പൈലറ്റ്
ആക്രമണത്തിൽ പരുക്കേറ്റ ഇന്ത്യൻ ക്യാപ്റ്റൻ സ്മിത്ത് മച്ചാർ ദുബായിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ അറിയിച്ചു. ദുബായിലെ ആശുപത്രിയിലെത്തിയ അംബാസഡർ സ്മിത്ത് മച്ചാറിനെ സന്ദർശിച്ചു. നേരത്തെ അബൂദബിയിലുള്ള അദ്ദേഹത്തിന്റെ കുടുംബത്തെയും അംബാസഡർ സന്ദർശിച്ചിരുന്നു.

കോ-പൈലറ്റിന്റെ ആക്രമണത്തിനിടയിലും വിമാനം സുരക്ഷിതമായി നിയന്ത്രിച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ക്യാപ്റ്റന് കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ.
തീവ്രവാദ ബന്ധവും പരിശോധിക്കും
സംഭവത്തിന് പിന്നിൽ തീവ്രവാദ ബന്ധമുണ്ടോയെന്നും പരിശോധിക്കുമെന്ന് യുഎഇ അധികൃതർ അറിയിച്ചു. ജനറൽ സിവിൽ ഏവിയേഷനു പുറമെ പബ്ലിക് പ്രോസിക്യൂഷനും സംഭവത്തിൽ അന്വേഷണം നടത്തും.
വിമാനത്തിലെ അടിയന്തര സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ അന്താരാഷ്ട്ര വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങളും മാനുഷിക ബാധ്യതകളും പാലിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ പ്രതികരിക്കാൻ രാജ്യത്തെ വ്യോമയാന-സുരക്ഷാ സംവിധാനങ്ങൾ സജ്ജമാണെന്നും അധികൃതർ അറിയിച്ചു.
സംഭവത്തിന്റെ കാരണം, കോ-പൈലറ്റിന്റെ ആക്രമണത്തിന് പിന്നിലെ സാഹചര്യം, തീവ്രവാദ ബന്ധമുണ്ടോയെന്നത് എന്നിവ സംബന്ധിച്ച വിശദമായ അന്വേഷണം തുടരുകയാണ്.
