Friday, October 2, 2026

കിങ്സ്റ്റണ്‍ പോലീസിലെ സൈബര്‍ ആക്രമണം; 1.6 ലക്ഷത്തോളം വ്യക്തിഗതവിവരങ്ങള്‍ ചോര്‍ന്നു

ഒന്റാരിയോ: കിങ്സ്റ്റണ്‍ പോലീസ് സര്‍വീസിന് (KP) നേരെ നടന്ന സൈബര്‍ ആക്രമണത്തില്‍ ചോര്‍ന്നത് 1.6 ലക്ഷത്തിലധികം ഫയലുകളിലെ രഹസ്യ വിവരങ്ങളെന്ന് റിപ്പോര്‍ട്ട്. 1998 മുതലുള്ള കോടതി രേഖകള്‍, ട്രാഫിക് ഫൈനുകള്‍, പൗരന്മാരും പോലീസും തമ്മിലുള്ള ഇടപെടലുകള്‍, ജാമ്യാപേക്ഷാ വിവരങ്ങള്‍ എന്നിവയുള്‍പ്പെടെ ആയിരക്കണക്കിന് ആളുകളുടെ വ്യക്തിഗത വിവരങ്ങളാണ് ഹാക്കര്‍മാര്‍ കൈക്കലാക്കിയത്. സംഭവത്തെക്കുറിച്ചുള്ള ആഭ്യന്തര അന്വേഷണം പൂര്‍ത്തിയായതായും സൈബര്‍ കേസ് അവസാനിപ്പിക്കുന്നതായും കിങ്സ്റ്റണ്‍ പോലീസ് അറിയിച്ചു.

2025 ജനുവരി 1-നാണ് കിങ്സ്റ്റണ്‍ പോലീസിന്റെ വി.പി.എന്‍ (VPN) വഴി ഹാക്കര്‍മാര്‍ സിസ്റ്റത്തിലേക്ക് കടന്നുകയറിയത്. അപഹരിക്കപ്പെട്ട യൂസര്‍ നെയിമും പാസ്വേഡും ഉപയോഗിച്ചാണ് കടന്നുകയറ്റം നടന്നതെന്ന് കണ്ടെത്തിയെങ്കിലും ലോഗിന്‍ വിവരങ്ങള്‍ എങ്ങനെ ചോര്‍ന്നു എന്ന് കണ്ടെത്താനായിട്ടില്ല. ജനുവരി 3-ന് ഐ.ടി വിഭാഗം തട്ടിപ്പ് തിരിച്ചറിഞ്ഞ് സിസ്റ്റങ്ങള്‍ ഉടനടി ഓഫാക്കിയെങ്കിലും, അപ്പോഴേക്കും 160 ജി.ബി (GB) ഡാറ്റ ഹാക്കര്‍മാര്‍ എന്‍ക്രിപ്റ്റ് ചെയ്ത് ചോര്‍ത്തിയിരുന്നു.

ചോര്‍ന്ന പ്രധാന വിവരങ്ങള്‍:

ക്രിമിനല്‍ കോടതി രേഖകള്‍ (2009-2024): 51,000-ത്തോളം ആളുകളുടെ പേരുകള്‍, ജനനത്തീയതി, കുറ്റകൃത്യത്തിന്റെ വിവരങ്ങള്‍, ശിക്ഷാവിധികള്‍ എന്നിവ ചോര്‍ന്നു.

ട്രാഫിക് കുറ്റകൃത്യങ്ങള്‍ (2012-2024): 50,000 മുതല്‍ 1,00,000 വരെ ആളുകളുടെ വിവരങ്ങള്‍ ഉള്‍പ്പെടുന്നു.

ജാമ്യ ഹിയറിങ് ലിസ്റ്റുകള്‍ (2009-2022): മുതിര്‍ന്നവരും പ്രായപൂര്‍ത്തിയാകാത്തവരുമായ 68,000 പേരുടെ വിവരങ്ങള്‍ ബാധിക്കപ്പെട്ടു.

പോലീസ് റിപ്പോര്‍ട്ടുകള്‍: കേസില്‍പ്പെട്ടവര്‍, ഇരകള്‍, സാക്ഷികള്‍, പരാതിക്കാര്‍, കാണാതായവര്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെ 22,000 പേരുടെ വിവരങ്ങള്‍.

മറ്റ് പ്രധാന ഡാറ്റ: 2,000 ഡ്രൈവിങ് ലൈസന്‍സ് നമ്പറുകള്‍, 1,000-ല്‍ താഴെ സോഷ്യല്‍ ഇന്‍ഷുറന്‍സ് നമ്പറുകള്‍ (SIN), ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ്, ഹെല്‍ത്ത് കാര്‍ഡ് നമ്പറുകള്‍ എന്നിവയും ചോര്‍ന്നവയില്‍ ഉള്‍പ്പെടുന്നു.

ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഹാക്കര്‍മാരുമായി വിദഗ്ദ്ധര്‍ ആശയവിനിമയം നടത്തുകയും, തങ്ങളുടെ കൈവശമുള്ള ഡാറ്റ പൂര്‍ണ്ണമായും നശിപ്പിച്ചതായി അവര്‍ തെളിവ് നല്‍കുകയും ചെയ്തതായി പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ഒമ്പത് മാസമായി ഡാര്‍ക്ക് വെബ് പരിശോധിച്ചതില്‍ നിന്നും ഈ വിവരങ്ങള്‍ ദുരുപയോഗം ചെയ്തതായി തെളിവുകളൊന്നും ലഭിച്ചിട്ടില്ല. എങ്കിലും, ബാങ്ക് അക്കൗണ്ടുകളും ബാങ്ക് സ്റ്റേറ്റ്മെന്റുകളും നിരന്തരം നിരീക്ഷിക്കാനും സംശയകരമായ എന്തെങ്കിലും കണ്ടാല്‍ അധികൃതരെ അറിയിക്കാനും പൊതുജനങ്ങള്‍ക്ക് പോലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഭാവിയില്‍ ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ തടയുന്നതിനായി അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഐ.ടി സുരക്ഷ ശക്തമാക്കാന്‍ 3.9 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് കിങ്സ്റ്റണ്‍ പോലീസ് സര്‍വീസ് ബോര്‍ഡ് അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!