Saturday, October 3, 2026

ആല്‍ബര്‍ട്ട വേര്‍പിരിയല്‍: കാനഡയ്ക്ക് തിരിച്ചടി;18 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്

ഓട്ടവ: ആല്‍ബര്‍ട്ട സ്വതന്ത്രമായാല്‍ ഫെഡറല്‍ ഭരണകൂടത്തിന് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്ന് കാനഡ ഫെഡറല്‍ സര്‍ക്കാരിന്റെ ആഭ്യന്തര വിലയിരുത്തല്‍. ഒക്ടോബര്‍ 19-ന് ആല്‍ബര്‍ട്ടയില്‍ വേര്‍പിരിയല്‍ സംബന്ധിച്ച നിര്‍ണായക ജനഹിതപരിശോധന (Referendum) നടക്കാനിരിക്കെയാണ് ധനകാര്യ മന്ത്രാലയത്തിന്റെ ഈ നിരീക്ഷണങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

ആക്‌സസ് ടു ഇന്‍ഫര്‍മേഷന്‍ നിയമപ്രകാരം ലഭിച്ച റിപ്പോര്‍ട്ടില്‍, ആല്‍ബര്‍ട്ടയുടെ വേര്‍പിരിയല്‍ വഴി കാനഡയ്ക്ക് പ്രതിവര്‍ഷം 18 ബില്യണ്‍ ഡോളറിന്റെ നെറ്റ് സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും വ്യാവസായിക തകര്‍ച്ചയ്ക്കും വിദഗ്ദ്ധ തൊഴിലാളികളുടെ കുടിയൊഴിപ്പിക്കലിനും ഇത് വഴിവെക്കുമെന്നും മുന്നറിയിപ്പ് നല്‍കുന്നു.

1995-ല്‍ കെബെക് പ്രവിശ്യയില്‍ നടന്ന ജനഹിതപരിശോധനയുടെ അനുഭവങ്ങള്‍ മുന്‍നിര്‍ത്തിയാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം നിലവിലെ സാഹചര്യത്തെ അപഗ്രഥിക്കുന്നത്. അന്ന് ഉണ്ടായ സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ കാരണം 263 പ്രമുഖ കമ്പനികളാണ് മണ്‍ട്രിയോള്‍ വിട്ട് പ്രവര്‍ത്തനം മാറ്റിയത്. സമാനമായ രീതിയില്‍ ആല്‍ബര്‍ട്ടയിലും വേര്‍പിരിയല്‍ പ്രക്രിയ ആരംഭിച്ചാല്‍ വിഭവമേഖലയ്ക്ക് പുറത്തുള്ള പ്രമുഖ കമ്പനികള്‍ പ്രവിശ്യയില്‍ നിന്ന് തങ്ങളുടെ ആസ്ഥാനങ്ങളും ബിസിനസുകളും മറ്റ് സുരക്ഷിത മേഖലകളിലേക്ക് മാറ്റാന്‍ വലിയ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സ്വതന്ത്ര ആല്‍ബര്‍ട്ട എന്ന സാഹചര്യം ഉയര്‍ന്നുവന്നാല്‍ അത് മനുഷ്യവിഭവശേഷിയെയും ബാധിക്കും. ഉന്നത വിദ്യാഭ്യാസമുള്ളവരും വൈദഗ്ധ്യമുള്ളവരുമായ തൊഴിലാളികള്‍ പ്രവിശ്യ ഉപേക്ഷിച്ചു പോകാന്‍ സാധ്യതയേറെയാണ്. 2021-ല്‍ മാത്രം പതിനേഴായിരത്തിലധികം വിദഗ്ദ്ധ തൊഴിലാളികളാണ് ആല്‍ബര്‍ട്ടയിലേക്ക് എത്തിയിരുന്നത്. എന്നാല്‍ പ്രവിശ്യ വേര്‍പിരിയുന്നതോടെ ഈ തരംഗം നിലയ്ക്കുകയും നിലവിലുള്ളവര്‍ മറ്റ് ഭാഗങ്ങളിലേക്ക് ചേക്കേറുകയും ചെയ്യും.

അതേസമയം, ആല്‍ബര്‍ട്ട കാനഡയുടെ അവിഭാജ്യ ഘടകമാണെന്നും ഒന്നിച്ച് നില്‍ക്കുമ്പോഴാണ് ഇരുഭാഗത്തിനും സാമ്പത്തിക ഭദ്രതയും കരുത്തും ലഭിക്കുന്നതെന്നും ഫെഡറല്‍ പ്രിവി കൗണ്‍സില്‍ വക്താവ് വ്യക്തമാക്കി.കാനഡയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (GDP) 15 ശതമാനവും മൊത്തം കയറ്റുമതിയുടെ 31 ശതമാനവും സംഭാവന ചെയ്യുന്നത് ആല്‍ബര്‍ട്ടയാണ്. പ്രതിവര്‍ഷം 475 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക ഇടപാടുകള്‍ നടക്കുന്ന ആല്‍ബര്‍ട്ടയില്‍ നിന്ന് 18 ബില്യണ്‍ ഡോളര്‍ നെറ്റ് ധനസഹായമായി ഫെഡറല്‍ സംവിധാനത്തിലേക്ക് എത്തുന്നുണ്ട്. അതിനാല്‍ വേര്‍പിരിയല്‍ ഇരുവിഭാഗത്തിന്റെയും നിലനില്‍പ്പിനെ പ്രതികൂലമായി ബാധിക്കും.

ഇതിനുപുറമെ, കാനഡയുടെ പൊതു പെന്‍ഷന്‍ ഫണ്ടില്‍ (CPP) നിന്ന് ആല്‍ബര്‍ട്ട വിട്ടുപോയാല്‍ വിഹിതം വേര്‍തിരിച്ചെടുക്കുന്നത് സങ്കീര്‍ണ്ണമായ നിയമപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കും. 1966-ല്‍ ആരംഭിച്ച സിപിപിയുടെ കോടിക്കണക്കിന് ഡോളര്‍ നിക്ഷേപങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ഓഹരികളിലും വിമാനത്താവളങ്ങളിലും മറ്റ് പ്രോജക്ടുകളിലുമായാണ് ഇട്ടിരിക്കുന്നത്. അതിനാല്‍ ആല്‍ബര്‍ട്ടയ്ക്കുള്ള വിഹിതം കണക്കാക്കുന്നത് എളുപ്പമല്ലെന്നും നിയമപരമായ വ്യക്തതയില്ലാത്തതിനാല്‍ വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലേക്ക് വരെ നീങ്ങാമെന്നും സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!