ടൊറന്റോ: റോജേഴ്സ് സ്റ്റേഡിയത്തില്‍ നിന്നുള്ള ശബ്ദമലിനീകരണത്തെക്കുറിച്ചുള്ള പരാതികള്‍ ഉയരുന്നു. ഈ വേനല്‍ക്കാലത്ത് 40 ശതമാനത്തിലധികം വര്‍ധന രേഖപ്പെടുത്തി. 2025-ല്‍ സ്റ്റേഡിയം തുറന്ന ആദ്യ സീസണില്‍ 192 പരാതികളാണ് ലഭിച്ചതെങ്കില്‍, ഈ വര്‍ഷം മേയ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 272 പരാതികള്‍ ലഭിച്ചതായി ടൊറന്റോ സിറ്റി വക്താവ് സ്ഥിരീകരിച്ചു.
ശബ്ദം കുറയ്ക്കുന്നതിനായി സ്റ്റേഡിയത്തില്‍ വിനൈല്‍ ക്ലാഡിംഗ് സ്ഥാപിച്ചിരുന്നെങ്കിലും ബേസ് (heavy bass) ശബ്ദങ്ങളെ പ്രതിരോധിക്കാന്‍ ഇത് പര്യാപ്തമായിരുന്നില്ലെന്ന് കൗണ്‍സിലര്‍ ജെയിംസ് പാസ്റ്റര്‍നാക് പറഞ്ഞു. ഓഗസ്റ്റ് 12-ന് ക്രിസ് ബ്രൗണും അഷറും ചേര്‍ന്ന് നടത്തിയ സംഗീത പരിപാടിക്കിടെയാണ് ഏറ്റവും കൂടുതല്‍ പരാതികള്‍ (60 എണ്ണം) ഉയര്‍ന്നത്. പ്രതികൂല കാലാവസ്ഥ ശബ്ദം കൂടുതല്‍ ദൂരത്തേക്ക് സഞ്ചരിക്കാന്‍ കാരണമായതാണ് പരാതികള്‍ ഉയരാന്‍ ഇടയാക്കിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ശബ്ദമലിനീകരണത്തിന് പുറമേ പ്രദേശത്തെ ഗതാഗതക്കുരുക്കും സമീപവാസികള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. പ്രദേശവാസികളുടെ പരാതികളെ തുടര്‍ന്ന് ശബ്ദം നിയന്ത്രിക്കുന്നതിനായി സിറ്റിയും ലൈവ് നാഷന്‍ കാനഡയും ചേര്‍ന്ന് ഒരു എക്കോസ്റ്റിക് കണ്‍സള്‍ട്ടന്റിനെ നിയമിച്ചിട്ടുണ്ട്. സെപ്റ്റംബറിലുണ്ടായ ശക്തമായ കൊടുങ്കാറ്റില്‍ സ്റ്റേഡിയത്തിന്റെ ചില ഭാഗങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. അടുത്ത സീസണ് മുന്നോടിയായി അറ്റകുറ്റപ്പണികളും ശബ്ദനിയന്ത്രണ സംവിധാനങ്ങളും പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
