Saturday, October 3, 2026

പോളിങ് ബൂത്തുകളില്‍ ഇംഗ്ലീഷ് ഭാഷാ നിയന്ത്രണം തുടരും: ഇലക്ഷന്‍സ് കെബെക്ക്

കെബെക്ക്: തിരഞ്ഞെടുപ്പ് കേന്ദ്രങ്ങളില്‍ വോട്ടര്‍മാരുമായി ഇംഗ്ലീഷില്‍ സംസാരിക്കുന്നതിന് ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിക്കില്ലെന്ന് കെബെക്ക് തിരഞ്ഞെടുപ്പ് ഏജന്‍സിയായ ‘ഇലക്ഷന്‍സ് കെബെക്ക്’ (Élections Québec) വ്യക്തമാക്കി. അഭിഭാഷകരുടെ ഔദ്യോഗിക അഭ്യര്‍ത്ഥന നിരസിച്ചുകൊണ്ടാണ് ഏജന്‍സി തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നത്. കോടതി ഉത്തരവിലൂടെ മാത്രമേ നിലവിലെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്താനാകൂ എന്ന് ഏജന്‍സി വ്യക്തമാക്കി.

സംസ്ഥാനത്തെ ഫ്രഞ്ച് ഭാഷാ ചാര്‍ട്ടര്‍ (Charter of the French Language) പാലിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്ന് ഇലക്ഷന്‍സ് കെബെക്ക് കത്തില്‍ ചൂണ്ടിക്കാട്ടി. മുന്‍പ് ജസ്റ്റിസ് ലൂസിയര്‍ പുറപ്പെടുവിച്ച കോടതി ഉത്തരവ് വോട്ടര്‍മാര്‍ക്കുള്ള എഴുത്തുരൂപത്തിലുള്ള വിവരങ്ങള്‍ക്കും കാര്‍ഡുകള്‍ക്കും മാത്രമാണ് ബാധകമായിട്ടുള്ളതെന്നും, പോളിംഗ് സ്റ്റേഷനുകളിലെ വാമൊഴി സംഭാഷണങ്ങള്‍ക്ക് ഇത് ബാധകമല്ലെന്നും ഏജന്‍സി വ്യക്തമാക്കി.

ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കാനുള്ള യോഗ്യതാ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കോ അല്ലെങ്കില്‍ ഗോത്രവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കോ മാത്രമായി ജീവനക്കാര്‍ ഇംഗ്ലീഷ് സംഭാഷണം പരിമിതപ്പെടുത്തണമെന്ന് നിര്‍ദ്ദേശമുണ്ടെന്ന് ഒരു ജീവനക്കാരന്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് അഭിഭാഷകര്‍ നിയമനടപടിയുമായി രംഗത്തെത്തിയത്.

ഫ്രഞ്ച് ഭാഷയില്‍ മാത്രം തിരഞ്ഞെടുപ്പ് മെയിലുകള്‍ അയക്കുന്നതിനെതിരെ നല്‍കിയ ഹര്‍ജിയുടെ ഭാഗമായി, ഈ വിഷയവും ഒക്ടോബര്‍ 5-ന് നടക്കുന്ന തിരഞ്ഞെടുപ്പ് ദിനത്തില്‍ കോടതിക്ക് മുന്നില്‍ ഉന്നയിക്കുമെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരാകുന്ന പ്രമുഖ അഭിഭാഷകന്‍ ജെഫ്രി ചേംബേഴ്‌സ് അറിയിച്ചു. ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ ചില വിഭാഗം ആളുകളുടെ വോട്ടവകാശ വിനിയോഗം കൂടുതല്‍ ബുദ്ധിമുട്ടിലാക്കുമെന്നും അത് വോട്ടിംഗ് ശതമാനത്തെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

അതേസമയം, വോട്ടര്‍മാര്‍ക്ക് ദ്വിഭാഷാ റിമൈന്‍ഡര്‍ കാര്‍ഡുകള്‍ അയക്കണമെന്ന മുന്‍ കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനാണ് കെബെക്ക് സര്‍ക്കാരിന്റെ നീക്കം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!