ഓട്ടവ: കാനഡയില്‍ ഫ്‌ളൂ സീസണിന് തുടക്കമായതോടെ കോവിഡ്, ഇന്‍ഫ്‌ലുവന്‍സ് കേസുകള്‍ ഉയരുന്നു. ചുമ, പനി തുടങ്ങിയ ലക്ഷണങ്ങളോടെ ചികിത്സ തേടുന്നവരുടെ എണ്ണത്തിലും വര്‍ധന.
വെള്ളിയാഴ്ച പുറത്തുവിട്ട കനേഡിയന്‍ റെസ്പിറേറ്ററി വൈറസ് നിരീക്ഷണ റിപ്പോര്‍ട്ട് അനുസരിച്ച്, സമീപ ആഴ്ചകളില്‍ പരിശോധനാ ഫലങ്ങള്‍ പോസിറ്റീവാകുന്ന നിരക്ക് ഉയരുകയാണ്. കോവിഡ്-19 കേസുകളില്‍ 3.8 ശതമാനവും ഇന്‍ഫ്‌ലുവന്‍സ കേസുകളില്‍ 3.7 ശതമാനവും വര്‍ധനയുണ്ടായി. സര്‍ക്കാരിന്റെ ‘ഫ്‌ലൂവാച്ചേഴ്‌സ്’ പ്രോഗ്രാം വഴി ശേഖരിച്ച വിവരങ്ങള്‍ അനുസരിച്ച് ചുമ, പനി ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ 1.5 ശതമാനം വര്‍ധന രേഖപ്പെടുത്തി.

സെപ്റ്റംബര്‍ 26 വരെയുള്ള റിപ്പോര്‍ട്ടില്‍ നിലവില്‍ രോഗവ്യാപനം വളരെ താഴ്ന്ന നിലയിലാണെന്നും പ്രവിശ്യകള്‍ക്കനുസരിച്ച് ഇതില്‍ വ്യത്യാസങ്ങളുണ്ടെന്നും ചൂണ്ടിക്കാണിക്കുന്നു. ആര്‍എസ്വി (RSV) വൈറസ് കേസുകള്‍ 0.2 ശതമാനത്തില്‍ മാറ്റമില്ലാതെ തുടരുകയാണ്. എന്ററോവൈറസ് (EV), റൈനോവൈറസ് (RV) എന്നിവയും നിലവില്‍ വര്‍ധിച്ചുവരുന്നുണ്ട്.
ശരത്കാലത്തേക്ക് (Fall Season) കടക്കുമ്പോള്‍ ശ്വാസകോശ സംബന്ധമായ വൈറസ് രോഗങ്ങള്‍ വര്‍ധിക്കുന്നത് സ്വാഭാവികമാണെന്ന് ടൊറന്റോ ജനറല്‍ ഹോസ്പിറ്റലിലെ ഇന്‍ഫെക്ഷ്യസ് ഡിസീസ് സ്‌പെഷ്യലിസ്റ്റ് ഡോ. ഐസക് ബോഗോച്ച് പറഞ്ഞു. വരും ആഴ്ചകളില്‍ കേസുകള്‍ ഇനിയും ഉയര്‍ന്നേക്കാം.
കോവിഡ് പോസിറ്റീവാകുന്നവരില്‍ 63 ശതമാനവും ഇന്‍ഫ്‌ലുവന്‍സ ബാധിക്കുന്നവരില്‍ 55 ശതമാനവും 65 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാരാണ്. അതേസമയം, ആര്‍എസ്വി (RSV) ബാധിതരില്‍ പകുതിയിലധികവും (52%) നാല് വയസ്സിന് താഴെയുള്ള കുട്ടികളാണ്.
വാക്‌സിന്‍ സ്വീകരിക്കുക, രോഗ ലക്ഷണങ്ങള്‍ ഉള്ളപ്പോള്‍ വീട്ടില്‍ വിശ്രമിക്കുക, മാസ്‌ക് ധരിക്കുക, അടച്ചിട്ട മുറികളിലെ വായു സഞ്ചാരം ഉറപ്പാക്കുക തുടങ്ങിയ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിലൂടെ രോഗവ്യാപന സാധ്യത കുറയ്ക്കാന്‍ സാധിക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു.
