ഓട്ടവ: ആഗോള വിപണിയിലെ മാറ്റങ്ങളോ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളോ ബാധിക്കില്ലെന്നും, കാനഡയിലെ ജനങ്ങൾക്കായി ‘പസഫിക് ലിങ്ക്’ (Pacific Link) എണ്ണ പൈപ്പ്‌ലൈൻ പദ്ധതി നിശ്ചിത സമയത്തിനകം തന്നെ യാഥാർഥ്യമാക്കുമെന്നും കനേഡിയൻ ഊർജ്ജ-പ്രകൃതിവിഭവ വകുപ്പ് മന്ത്രി ടിം ഹോഡ്ജ്സൺ പ്രഖ്യാപിച്ചു. കാനഡയുടെ പടിഞ്ഞാറൻ തീരത്തേക്ക് എണ്ണ എത്തിക്കുന്നതിനുള്ള ഈ ബൃഹത്തായ പദ്ധതി രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഈ പൈപ്പ്‌ലൈൻ നിർമാണത്തെ രാജ്യത്തിന്റെ ‘ദേശീയ താല്പര്യമുള്ള ആദ്യ പദ്ധതിയായി’ (Project of National Interest) ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.
നിലവിൽ കാനഡ ഉത്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന്റെ 90 ശതമാനത്തിലധികവും അമേരിക്കയിലേക്കാണ് കയറ്റി അയക്കുന്നത്. ഇതിന് മാറ്റം വരുത്തി ഏഷ്യൻ വിപണി ഉൾപ്പെടെയുള്ള മറ്റ് ആഗോള വിപണികളിലേക്ക് നേരിട്ട് എണ്ണ എത്തിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.ആൽബർട്ടയിലെ ഓയിൽ സാൻഡിൽ നിന്ന് പസഫിക് തീരം വരെ 1,250 കിലോമീറ്റർ നീളത്തിലാണ് പൈപ്പ്‌ലൈൻ നിർമിക്കുന്നത്. പ്രതിദിനം 10 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ കടത്തിവിടാൻ ഇതിന് ശേഷിയുണ്ടാകും.

കാനഡ കേന്ദ്ര സർക്കാരിനും ആൽബർട്ട പ്രവിശ്യയ്ക്കും പദ്ധതിയിൽ 50 ശതമാനം വീതം ഓഹരി പങ്കാളിത്തം ഉണ്ടായിരിക്കും. കൂടാതെ മേഖലയിലെ തദ്ദേശീയ ജനവിഭാഗങ്ങൾക്ക് (Indigenous communities) കുറഞ്ഞത് 10 ശതമാനം ഓഹരി പങ്കാളിത്തവും ഉറപ്പാക്കിയിട്ടുണ്ട്.
പദ്ധതിയുടെ പ്രാഥമിക നിബന്ധനകളും അനുമതികളും 2027 സെപ്റ്റംബറോടെ പൂർത്തിയാക്കും. തുടർന്ന് നിർമാണം ആരംഭിച്ച് 2032-33 സാമ്പത്തിക വർഷത്തോടെ പൈപ്പ്‌ലൈൻ പൂർണ്ണമായും പ്രവർത്തനസജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്.
പരിസ്ഥിതി സംഘടനകളിൽ നിന്നും ചില തദ്ദേശീയ ഗോത്രവിഭാഗങ്ങളിൽ നിന്നും പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയരുന്നുണ്ടെങ്കിലും, കാനഡയെ ഒരു ആഗോള ഊർജ്ജ സൂപ്പർ പവർ ആക്കി മാറ്റാൻ ഈ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന ഉറച്ച നിലപാടിലാണ് കനേഡിയൻ സർക്കാർ.
