Monday, October 5, 2026

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് ഊരിയ സംഭവം; പ്രതി ഒളിവിലെന്ന് പൊലീസ്; കോൺഗ്രസുകാരനെന്ന് CPM

കൊച്ചി: മുഖ്യമന്ത്രിയുടെ മണ്ഡലമായ പറവൂരിൽ ട്രാൻസ്ഫോർമറിൽ നിന്ന് ഫ്യൂസ് ഊരിയ സംഭവത്തിൽ രാഷ്ട്രീയ ആരോപണങ്ങൾ ശക്തമാകുന്നു. ഫ്യൂസ് ഊരിയതായി ആരോപിക്കപ്പെടുന്ന വ്യക്തി ഒളിവിലാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു.

കൈതാരം നോർത്ത് ട്രാൻസ്ഫോർമറിലെ ഫ്യൂസ് മൂന്നാഴ്ച മുൻപ് ഊരിയതിനെ തുടർന്ന് പ്രദേശത്ത് മണിക്കൂറുകളോളം വൈദ്യുതി മുടങ്ങിയിരുന്നു. സംഭവത്തിൽ കെ.എസ്.ഇ.ബി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് ഫ്യൂസ് ഊരിയ വ്യക്തിയെ തിരിച്ചറിഞ്ഞത്. ഇയാൾ കൈതാരം സ്വദേശിയാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ ഒരു സ്ത്രീയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിയെ കണ്ടെത്തുന്നതിനായി പൊലീസ് വീട്ടിലെത്തിയെങ്കിലും ഇയാളെ പിടികൂടാനായില്ലെന്നാണ് വിവരം. പൊലീസ് എത്തിയപ്പോൾ വീടിന്റെ പിൻവാതിലിലൂടെ ഇയാൾ രക്ഷപ്പെട്ടതായും അധികൃതർ പറയുന്നു.

ഇതിന് സമാനമായി പെരുമ്പടന്ന എട്ടിയോടം, ഏഴിക്കര ചാക്കാത്തറ, ആവൂട്ടി തുടങ്ങിയ പ്രദേശങ്ങളിലും രാത്രിയിൽ ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് ഊരി വൈദ്യുതി തടസ്സപ്പെടുത്തിയ സംഭവങ്ങൾ ഉണ്ടായതായി പരാതിയുണ്ട്. തുടർച്ചയായ ഇത്തരം സംഭവങ്ങൾ പ്രദേശവാസികൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.

അതേസമയം, സംഭവത്തിൽ രാഷ്ട്രീയ ആരോപണങ്ങളും ഉയർന്നിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങളിൽ പതിഞ്ഞ വ്യക്തി കോൺഗ്രസ് പ്രവർത്തകനാണെന്നാണ് സി.പി.എം ഏരിയ സെക്രട്ടറി ടി.വി. നിഥിൻ ആരോപിച്ചത്. മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ വൈദ്യുതി തടസ്സപ്പെടുത്താൻ സി.പി.എം ശ്രമിക്കുന്നുവെന്ന തരത്തിൽ കോൺഗ്രസ് നേരത്തെ പ്രചാരണം നടത്തിയിരുന്നുവെന്നും ഇപ്പോഴത്തെ സംഭവത്തോടെ ആ ആരോപണം പൊളിഞ്ഞെന്നും നിഥിൻ പറഞ്ഞു.

പ്രതിയെ തിരിച്ചറിഞ്ഞിട്ടും എഫ്.ഐ.ആറിൽ പേര് ഉൾപ്പെടുത്താത്തതും അറസ്റ്റ് വൈകുന്നതും ഇയാളെ സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും നിഥിൻ ആരോപിച്ചു.

ഫ്യൂസ് ഊരിയ സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും പ്രതിയെ കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!