Monday, October 12, 2026

ഗ്യാനേഷ് കുമാറിനെതിരെ നടക്കുന്നത് ഒറ്റക്കെട്ടായ പ്രതിഷേധം: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ നടക്കുന്നത് വെവ്വേറെ സമരങ്ങളല്ലെന്നും, മറിച്ച് ഒറ്റക്കെട്ടായ ശക്തമായ പ്രതിഷേധമാണെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് സംഘടിപ്പിച്ച മാര്‍ച്ചിന് മുന്നോടിയായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്യാനേഷ് കുമാറിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ലക്ഷ്യമിട്ടാണ് ഈ പ്രതിഷേധം മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട രാഹുല്‍ ഗാന്ധി, പ്രധാനമന്ത്രി മോദി, അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുടെ കടുത്ത സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് കമ്മീഷണര്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നതെന്നും ആരോപിച്ചു.

തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചിട്ടില്ലെന്ന് തെളിയിക്കാന്‍ പ്രതിപക്ഷം ആവശ്യപ്പെടുമ്പോള്‍, നരേന്ദ്ര മോദി എന്തിനാണ് ഡല്‍ഹി നഗരത്തില്‍ ബാരിക്കേഡുകള്‍ വെച്ച് വഴികള്‍ തടയുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഡല്‍ഹിയില്‍ പൊലീസിനെ വിന്യസിച്ച് റോഡുകള്‍ അടച്ചുപൂട്ടുന്നത് ഭരണകൂടത്തിന്റെ മിഥ്യാധാരണ മാത്രമാണെന്നും, ജനങ്ങളുടെ മനസ്സിനെ ബാരിക്കേഡുകള്‍ ഉയര്‍ത്തി തടയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടാതെ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തന്റെ ആശങ്കകള്‍ രാഷ്ട്രപതിയുടെ ഓഫീസോ രാഷ്ട്രപതിയോ തള്ളിക്കളഞ്ഞിട്ടില്ലെന്നും, എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് ഇതിനെതിരെയുള്ള തിട്ടൂരം വന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. അംബാനി, അദാനി, മോദി, ഡോവല്‍ എന്നിവര്‍ക്ക് മാത്രം അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നത് രാജ്യത്തെ സാധാരണ ജനങ്ങള്‍ക്കും അവരുടെ കുട്ടികളുടെ ഭാവിക്കും വലിയ അപകടമാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!