ഓട്ടവ: റഷ്യയില്‍ നിന്ന് ഡീസല്‍ ഇന്ധനം ഇറക്കുമതി ചെയ്യുന്നതിനായുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുതിയ കരാറിനെതിരെ കാനഡയും ഉക്രെയ്നും ആശങ്ക അറിയിച്ചു. വിഷയം സംബന്ധിച്ച് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും യുക്രെയ്ന് പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്കിയും തമ്മില്‍ ടെലിഫോണ്‍ ചര്‍ച്ച നടത്തി. റഷ്യയ്ക്ക് ദശലക്ഷക്കണക്കിന് ടണ്‍ ഡീസല്‍ വിതരണം ചെയ്യാന്‍ അവസരമൊരുക്കുന്ന കരാര്‍, യൂറോപ്പിലെ യുദ്ധം അവസാനിപ്പിക്കാന്‍ കാനഡയും സഖ്യരാജ്യങ്ങളും നടത്തുന്ന ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണെന്ന് കാര്‍ണി വ്യക്തമാക്കി. ഇത്തരം കരാറുകള്‍ റഷ്യയ്ക്ക് പുതിയ വരുമാന മാര്‍ഗ്ഗങ്ങള്‍ സൃഷ്ടിച്ചുകൊടുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടാതെ, യുക്രെയ്ന്റെ വ്യോമ പ്രതിരോധ ആവശ്യങ്ങളില്‍ സഖ്യകക്ഷികളുടെ ഏകോപനം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.അതേസമയം, ഉക്രെയ്നും റഷ്യയും തമ്മില്‍ ‘ഊര്‍ജ്ജ വെടിനിര്‍ത്തലിന്’ (Energy Ceasefire) ധാരണയായെന്ന് ട്രംപ് സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ പ്രഖ്യാപനത്തില്‍ സെലെന്‍സ്കി ആശ്ചര്യം പ്രകടിപ്പിച്ചു. ഊര്‍ജ്ജ വെടിനിര്‍ത്തല്‍ നീക്കത്തെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും വൈറ്റ് ഹൗസില്‍ നിന്നുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്ന് സെലെന്‍സ്കി വ്യക്തമാക്കി.

യുക്രെയ്ന്റെ ഊര്‍ജ്ജ നിലയങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ റഷ്യ അവസാനിപ്പിച്ചാല്‍ മാത്രമേ ഇത് പ്രായോഗികമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ച മാര്‍ക്ക് കാര്‍ണി ട്രംപുമായും വിഷയം സംസാരിച്ചിരുന്നു. വെടിനിര്‍ത്തല്‍ കരാര്‍ ഉറപ്പാക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് നന്ദി അറിയിച്ച കനേഡിയന്‍ പ്രധാനമന്ത്രി, കരാര്‍ പാലിക്കാന്‍ റഷ്യ തയ്യാറാകണമെന്ന സെലെന്‍സ്കിയുടെ ആവശ്യം ട്രംപിനോട് ആവര്‍ത്തിക്കുകയും ചെയ്തു.
