ദഹ്റാന്: സൗദി അറേബ്യയിലെ ദഹ്റാനിലുള്ള അരാംകോ കെട്ടിടത്തിന് നേരെ ഹൂതികളുടെ ആക്രമണം. കിഴക്കന് സൗദിയിലെ അരാംകോ കോംപ്ലക്സിന് നേരെ ചൊവ്വാഴ്ച രാത്രിയുണ്ടായ ആക്രമണത്തില് ആളപായമില്ലെന്ന് ഊര്ജ മന്ത്രാലയം സ്ഥിരീകരിച്ചു. ആക്രമണത്തെ തുടര്ന്ന് കെട്ടിടത്തിന്റെ മുകളിലത്തെ മൂന്ന് നിലകളില് തീ പടര്ന്നുവെങ്കിലും ഉടന് തന്നെ നിയന്ത്രണവിധേയമാക്കാന് സാധിച്ചതായി കമ്പനി അധികൃതര് അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയുടെ പ്രധാന കേന്ദ്രങ്ങളെ ലക്ഷ്യംവെച്ചായിരുന്നു ഹൂതികളുടെ നീക്കം.
അതേസമയം, ഹൂതികള് നടത്തിയ ആക്രമണങ്ങളെ സൗദി പ്രതിരോധ സേന ഫലപ്രദമായി പ്രതിരോധിച്ചു. റിയാദിനെയും തെക്കന് മേഖലയെയും ലക്ഷ്യമിട്ടെത്തിയ ആറ് ഡ്രോണുകളും റിയാദിലേക്ക് കുതിച്ച നാല് ക്രൂയിസ് മിസൈലുകളും സൗദി വ്യോമസേന തകര്ത്തു. കൂടാതെ അല് ഖര്ജില് വെച്ച് ഹൂതികളുടെ മറ്റൊരു ക്രൂയിസ് മിസൈലും തകര്ത്തിട്ടുണ്ട്.

ആക്രമണങ്ങള് പ്രതിരോധിച്ചെങ്കിലും റിയാദില് മിസൈലുകളുടെ അവശിഷ്ടങ്ങള് പതിച്ച് നാല് പേര്ക്ക് പരിക്കേറ്റു. രണ്ട് സ്ത്രീകള്, ഒരു പുരുഷന്, ഒരു കുട്ടി എന്നിവര്ക്കാണ് പരിക്കേറ്റത്. സംഭവത്തില് മേഖലയിലെ 15 ഓളം വീടുകള്ക്ക് നിസ്സാര നാശനഷ്ടങ്ങള് സംഭവിച്ചിട്ടുണ്ടെന്നും അധികൃതര് വ്യക്തമാക്കി.
