ന്യൂയോര്ക്ക്: ഇറാനെതിരെ വളരെ പെട്ടെന്നുതന്നെ നിര്ണായക തീരുമാനം കൈക്കൊള്ളുമെന്ന് അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ്. വൈറ്റ് ഹൗസിന് പുറത്ത് മാധ്യമപ്രവര്ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ സാഹചര്യത്തില് ഇറാനെ ഒരു ‘പരാജയപ്പെട്ട രാജ്യം’ (Failed State) എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
ഇറാന്റെ സാമ്പത്തിക തകര്ച്ചയെ രൂക്ഷമായി വിമര്ശിച്ച ട്രംപ്, അവിടെ 300 ശതമാനം പണപ്പെരുപ്പമാണുള്ളതെന്നും രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും ചൂണ്ടിക്കാട്ടി. ‘അവരുടെ കൈവശം പണമില്ല, സൈനികര്ക്കോ മറ്റ് ജീവനക്കാര്ക്കോ ശമ്പളം നല്കാന്പോലും സാധിക്കുന്നില്ല,’ എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇറാനെക്കുറിച്ചുള്ള പുതിയ തീരുമാനം ഉടനുണ്ടാകുമെന്ന് ആവര്ത്തിച്ച ട്രംപ്, ഹോര്മുസ് കടലിടുക്കിന്റെ പൂര്ണ്ണ നിയന്ത്രണം നിലവില് യു.എസിന്റെ കൈയിലാണെന്നും അവിടെനിന്നും ധാരാളം എണ്ണ പുറത്തേക്ക് ഒഴുകുന്നുണ്ടെന്നും അവകാശപ്പെട്ടു.

ഇസ്രയേല് തിരഞ്ഞെടുപ്പിനും യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിനും മുന്നോടിയായി മേഖലയില് പുതിയ ഏറ്റുമുട്ടലുകള് ആരംഭിച്ചേക്കുമെന്ന റിപ്പോര്ട്ടുകള്ക്കിടയിലാണ് ട്രംപിന്റെ ഈ പ്രതികരണം. മുന്പും സമാനമായ രീതിയില് ശക്തമായ മുന്നറിയിപ്പുകള് നല്കിയിട്ടുണ്ടെങ്കിലും പിന്നീട് തന്ത്രപ്രധാനമായ സൈനിക നീക്കങ്ങളില്നിന്ന് പിന്മാറുന്ന രീതി ട്രംപ് സ്വീകരിച്ചിരുന്നു.
അതേസമയം, റഷ്യയോ ചൈനയോ ഇറാനെ വലിയ തോതില് സഹായിക്കുന്നുണ്ടെന്ന് കരുതുന്നില്ലെന്ന് തന്റെ ട്രൂത്ത് സോഷ്യല് (Truth Social) കുറിപ്പിലൂടെ ട്രംപ് വ്യക്തമാക്കി. മോസ്കോയ്ക്കും ബെയ്ജിങ്ങിനും സ്വന്തമായി ഏറെ കാര്യങ്ങള് നഷ്ടപ്പെടാന ഉള്ളതിനാല് അവര് വലിയ തോതിലുള്ള പിന്തുണയ്ക്ക് മുതിരില്ലെന്നാണ് ട്രംപിന്റെ നിരീക്ഷണം. അവര് സഹായിക്കുന്നുണ്ടെങ്കില് തന്നെ അത് വളരെ ചെറിയൊരു തലത്തില് മാത്രമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
