Wednesday, October 14, 2026

മാനിറ്റോബയിൽ ദന്തചികിത്സയ്ക്കിടെ യുവതിയുടെ മരണം: അന്വേഷണത്തിൽ സുതാര്യതയില്ലെന്ന് കുടുംബം

ഓട്ടവ: മാനിറ്റോബയിൽ ദന്തചികിത്സയ്ക്ക് വിധേയയായ വിർജീനിയ ബ്ലറ്റ്സ് (23) എന്ന യുവതി മരിച്ച സംഭവത്തിൽ അന്വേഷണ ഏജൻസിയുടെ സുതാര്യതയെ ചോദ്യം ചെയ്ത് കുടുംബം രംഗത്ത്. മരണം നടന്ന് രണ്ട് വർഷത്തോളമായിട്ടും അന്വേഷണ വിവരങ്ങൾ കൃത്യമായി പുറത്തുവിടാത്തതാണ് കാനഡയിൽ വലിയ രാഷ്ട്രീയ-സാമൂഹിക വിവാദങ്ങൾക്ക് വഴിതുറന്നിരിക്കുന്നത്.

2024 നവംബറിലാണ് വിസ്ഡം ടൂത്ത് (അണപ്പല്ല്) നീക്കം ചെയ്യുന്നതിനായി വിർജീനിയ മാനിറ്റോബയിലെ ‘മോർഡൻ’ എന്ന സ്ഥലത്തുള്ള ഒരു ഡെന്റൽ ക്ലിനിക്കിൽ എത്തിയത്. ശസ്ത്രക്രിയയ്ക്കായി ലോക്കൽ അനസ്തേഷ്യ നൽകി മിനിറ്റുകൾക്കകം യുവതിക്ക് ഫിറ്റ്സ് (Seizure) വരികയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു. അനസ്തേഷ്യ മരുന്ന് അബദ്ധത്തിൽ രക്തക്കുഴലിലേക്ക് നേരിട്ട് കുത്തിവെച്ചതുമൂലം ഉണ്ടായ ‘ലോക്കൽ അനസ്തെറ്റിക് സിസ്റ്റമിക് ടോക്സിസിറ്റി’ (LAST) ആണ് മരണകാരണമെന്ന് പിന്നീട് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി.

കേസ് അന്വേഷിക്കുന്ന ‘മാനിറ്റോബ ഡെന്റൽ അസോസിയേഷൻ’ (MDA) തങ്ങളെ പൂർണ്ണമായും ഇരുട്ടിൽ നിർത്തിയിരിക്കുകയാണെന്ന് യുവതിയുടെ മാതാപിതാക്കൾ ആരോപിക്കുന്നു. ദന്തഡോക്ടർമാരുടെ അവകാശങ്ങൾക്ക് വേണ്ടി വാദിക്കുന്ന അതേ സംഘടന തന്നെയാണ് അവർക്കെതിരെയുള്ള പരാതികൾ അന്വേഷിക്കുന്നതും. കുറ്റക്കാരായ ഡോക്ടർമാരെ സംരക്ഷിക്കാനാണ് അസോസിയേഷൻ ശ്രമിക്കുന്നതെന്നും കുടുംബവും ആരോഗ്യ രംഗത്തെ വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു. 22 മാസത്തിലേറെയായി അന്വേഷണം മനഃപൂർവ്വം വൈകിപ്പിക്കുകയാണെന്നും ആക്ഷേപമുണ്ട്.

അന്വേഷണത്തിൽ നീതി ലഭിക്കില്ലെന്ന് ബോധ്യപ്പെട്ടതോടെ വിർജീനിയയുടെ പിതാവ് ഡെന്റൽ ക്ലിനിക്കിനും ചികിത്സിച്ച ഡോക്ടർക്കുമെതിരെ കോടതിയെ സമീപിച്ചു. ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയും അശ്രദ്ധയുമാണ് മരണത്തിന് കാരണമായതെന്ന് ചൂണ്ടിക്കാട്ടി വലിയ തുക നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.

വിഷയം കാനഡയിൽ വൻ വിവാദമായതോടെ മാനിറ്റോബ ആരോഗ്യ മന്ത്രി വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. ദന്തഡോക്ടർമാരെ നിയന്ത്രിക്കുന്നതിനും അവരുടെ മേൽനോട്ടം വഹിക്കുന്നതിനും കൂടുതൽ സുതാര്യവും ജനങ്ങളോട് ഉത്തരവാദിത്തവുമുള്ള ഒരു പുതിയ സ്വതന്ത്ര സംവിധാനം കൊണ്ടുവരുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി. എന്നാൽ നിയമപരമായ നിയന്ത്രണങ്ങൾ ഉള്ളതിനാലാണ് വിവരങ്ങൾ പുറത്തുവിടാത്തതെന്നും അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്നുമാണ് ഡെന്റൽ അസോസിയേഷന്റെ വാദം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!