ഡൽഹി: നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ച കേസിൽ 14-ാം പ്രതിയായ ശേഷ്റാവു ബജ്രംഗ് സൂര്യവശിക്കെതിരെ സിബിഐ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. ഡൽഹിയിലെ റൗസ് അവന്യൂ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട വാദം ഒക്ടോബർ 22ന് കോടതി കേൾക്കും.
ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രതി വൻതോതിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നാണ് സിബിഐയുടെ കണ്ടെത്തൽ. സർവകലാശാലകളിലെ അധ്യാപകരിൽനിന്ന് പണം നൽകി ചോദ്യപേപ്പർ കൈപ്പറ്റിയെന്നും പണത്തിന് പകരമായി ചോർന്ന ചോദ്യപേപ്പർ വിദ്യാർഥികൾക്ക് കൈമാറിയെന്നും കുറ്റപത്രത്തിൽ പറയുന്നു.
മഹാരാഷ്ട്രയിലെ നന്ദേഡ് സ്വദേശിയായ ശേഷ്റാവു സെപ്റ്റംബർ രണ്ടിനാണ് അറസ്റ്റിലായത്. കേസിലെ മറ്റൊരു പ്രതിയായ ശുഭം ഖൈനാറിന്റെ അടുത്ത സഹായിയാണ് ഇയാളെന്നും സിബിഐ വ്യക്തമാക്കുന്നു. നേരത്തേ കേസിലെ 13 പ്രതികൾക്കെതിരെ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചിരുന്നു.
പരീക്ഷയ്ക്ക് മുമ്പ് 132 കെമിസ്ട്രി ചോദ്യങ്ങൾ ചോർന്നതായി കണ്ടെത്തൽ
ജൂലൈ 28ന് സമർപ്പിച്ച കുറ്റപത്രത്തിൽ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ സിബിഐ വെളിപ്പെടുത്തിയിരുന്നു. ലാത്തൂരിലെ ഒരു കോച്ചിങ് സെന്റർ ഉടമയുടെ മകന് പരീക്ഷയ്ക്ക് മുമ്പ് 132 കെമിസ്ട്രി ചോദ്യങ്ങളും ഉത്തരങ്ങളും ലഭിച്ചെന്നാണ് കണ്ടെത്തൽ.

എൻടിഎ പാനലിലെ കെമിസ്ട്രി വിദഗ്ധനായ പ്രഹ്ലാദ് കുൽക്കർണിയാണ് ചോദ്യങ്ങളും ഉത്തരങ്ങളും കൈമാറിയതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ലാത്തൂരിലെ സിദ്ധിവിനായക് ആശുപത്രിയിലെ ഡീലക്സ് മുറിയിൽ വിദ്യാർഥിക്ക് മൂന്ന് ദിവസത്തോളം രഹസ്യ ക്ലാസുകൾ നൽകിയതായും ഇതിനിടെ ചോദ്യങ്ങളും ഉത്തരങ്ങളും എഴുതി നൽകിയതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
കേസിലെ മുഖ്യപ്രതിയും രേണുകായ് കോച്ചിങ് സെന്റർ ഉടമയുമായ ശിവരാജ് മൊട്ടേഗാവങ്കറുടെ മകനാണ് ചോദ്യങ്ങൾ ലഭിച്ചത്. ചോദ്യങ്ങളും ഉത്തരങ്ങളും എഴുതിയ നോട്ട്ബുക്ക് പരീക്ഷയ്ക്കുശേഷം ആക്രിക്കാരന് വിറ്റതായി വിദ്യാർഥി മൊഴി നൽകിയിരുന്നു.
2026 മെയ് മൂന്നിനാണ് വിവാദമായ നീറ്റ് പരീക്ഷ നടന്നത്. മെയ് 12ന് ചോദ്യപേപ്പര് ചോര്ന്നുവെന്ന ആരോപണങ്ങളെ തുടര്ന്ന് ഈ പരീക്ഷ റദ്ദാക്കുകയും ചെയ്തു. ശേഷം ജൂണ് 21ന് എന്ടിഎ വീണ്ടും പരീക്ഷ നടത്തി.
എന്നാല് പുനഃപരീക്ഷയും വിവാദങ്ങളില് ഇടംപിടിച്ചതോടെ കോക്രോച്ച് ജനത പാര്ട്ടിയുടെ നേതൃത്വത്തില് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്മേന്ദ്ര പ്രധാനെതിരെ പ്രതിഷേധം ആരംഭിച്ചു. സമരം ശക്തമായതോടെ ജൂലൈ 25ന് പ്രധാന് രാജിവെക്കുകയും ചെയ്തു.
