Wednesday, October 14, 2026

കോക്ക്രോച്ചിന് പിന്നാലെ ‘ഈച്ച പാര്‍ട്ടി’യും; ലക്ഷക്കണക്കിന് ഫോളോവേഴ്‌സുമായി MJP വൈറല്‍

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ കോക്ക്‌റോച്ച് ജനതാ പാര്‍ട്ടിക്ക് (സിജെപി) പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പുതിയൊരു പ്രസ്ഥാനം കൂടി ശ്രദ്ധേയമാകുന്നു. ‘മഖി ജനതാ പാര്‍ട്ടി’ (എംജെപി) എന്നാണ് ഈ പുതിയ കൂട്ടായ്മയുടെ പേര്. ഹിന്ദിയില്‍ ‘മഖി’ എന്നാല്‍ ഈച്ച എന്നാണ് അര്‍ത്ഥം. 72 മണിക്കൂറിനുള്ളില്‍ ഇന്‍സ്റ്റാഗ്രാമില്‍ 40 ലക്ഷത്തിലധികം കാഴ്ചക്കാരെയും 3.3 ലക്ഷത്തിലധികം ഫോളോവേഴ്‌സിനെയും നേടിയതായി എംജെപി അവകാശപ്പെട്ടു. ആര്യന്‍ എന്ന വിദ്യാര്‍ത്ഥിയാണ് സംഘടനയുടെ സ്ഥാപകന്‍ എന്നാണ് ഇന്‍സ്റ്റാഗ്രാം പേജില്‍ വ്യക്തമാക്കുന്നത്. പാര്‍ട്ടിക്കായി വക്താക്കളെ തേടുന്നുണ്ടെന്നും പേജില്‍ സൂചിപ്പിച്ചിട്ടുണ്ട്.

2021 ജൂണില്‍ ആരംഭിച്ച ഈ സോഷ്യല്‍ മീഡിയ അക്കൗണ്ട്, ‘മഖി ജനതാ പാര്‍ട്ടി’ എന്ന പേര് സ്വീകരിക്കുന്നതിന് മുന്‍പ് എട്ട് തവണ യൂസര്‍നെയിം മാറ്റിയിട്ടുണ്ടെന്ന് അക്കൗണ്ട് വിവരങ്ങളില്‍ വ്യക്തമാണ്. ഡല്‍ഹിയില്‍ ഒക്ടോബര്‍ 10ന് സിജെപി നിശ്ചയിച്ചിരുന്ന പ്രക്ഷോഭത്തിന് മുന്നോടിയായി ഏര്‍പ്പെടുത്തിയേക്കാവുന്ന വിലക്കുകളെ ചോദ്യം ചെയ്തുകൊണ്ട് ചീഫ് ജസ്റ്റിസ് നടത്തിയ പരാമര്‍ശമാണ് ഈ പുതിയ ട്രെന്‍ഡിന് പിന്നില്‍.

ഒക്ടോബര്‍ 9ന് കേസ് പരിഗണിക്കുന്നതിനിടയിലായിരുന്നു സുപ്രിംകോടതിയുടെ പ്രധാന നിരീക്ഷണം. ‘നിങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താം, എന്നാല്‍ എല്ലാ കാര്യങ്ങളും പൂര്‍ണ്ണമായി നിര്‍ത്തിവെക്കാന്‍ കഴിയില്ല, അധികാരികള്‍ക്ക് ഒരു ഈച്ചയെ കൊല്ലാന്‍ ചുറ്റിക ഉപയോഗിക്കാന്‍ കഴിയില്ല’ എന്നായിരുന്നു കോടതിയുടെ പരാമര്‍ശം. സുരക്ഷാ മുന്‍കരുതലുകള്‍ മുന്‍നിര്‍ത്തി പൊതുഗതാഗതം നിയന്ത്രിക്കാമെങ്കിലും മൊത്തത്തിലുള്ള സംവിധാനങ്ങള്‍ പൂര്‍ണ്ണമായി സ്തംഭിപ്പിക്കാന്‍ കഴിയില്ലെന്ന കോടതി നിരീക്ഷണത്തിലെ ‘ഈച്ച’ പരാമര്‍ശം ഏറ്റെടുത്താണ് ഇപ്പോള്‍ ‘മഖി ജനതാ പാര്‍ട്ടി’ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!