ഓട്ടവ: ഓട്ടവയില് കൂറ്റന് ഡാറ്റാ സെന്റര് നിര്മ്മിക്കാന് ഫെഡറല് സര്ക്കാര് പദ്ധതിയിടുന്നു. $1.5 ബില്യണ് മുതല് $1.8 ബില്യണ് വരെ നിര്മ്മാണച്ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിക്കായി ടെന്ഡറുകള് 2027-ഓടെ പുറപ്പെടുവിക്കുമെന്ന് ഡിഫന്സ് കണ്സ്ട്രക്ഷന് കാനഡ (DCC) മുന്കൂററിയിപ്പ് നല്കി. 60 മെഗാവാട്ട് (MW) ശേഷിയുള്ള ഈ ഡാറ്റാ സെന്റര് അടുത്ത തലമുറ സാങ്കേതികവിദ്യകളും പ്രത്യേക ഇലക്ട്രിക്കല്-മെക്കാനിക്കല് സംവിധാനങ്ങളും ഉള്ക്കൊള്ളുന്നതായിരിക്കും. നിലവില് ഇതിന്റെ പ്രാഥമിക നിര്ദ്ദേശങ്ങള് സമര്പ്പിച്ചിട്ടുണ്ടെങ്കിലും സര്ക്കാരിന്റെ അന്തിമ അംഗീകാരം ലഭിക്കേണ്ടതുണ്ട്.
ഡാറ്റാ സെന്ററുകളുടെയും എ.ഐ സാങ്കേതികവിദ്യകളുടെയും കടന്നുവരവോടെ കാനഡയില് വലിയ തോതിലുള്ള വൈദ്യുതി ആവശ്യകതയാണ് ഉയര്ന്നുവരുന്നത്. കഴിഞ്ഞ രണ്ട് വര്ഷത്തിനിടെ വന്കിട ഉപഭോക്താക്കളില് നിന്നായി 1,075 മെഗാവാട്ട് വൈദ്യുതി ആവശ്യപ്പെട്ടുള്ള 34 അപേക്ഷകള് ലഭിച്ചതായി ഹൈഡ്രോ ഓട്ടവ സി.ഇ.ഒ ബ്രൈസ് കോണ്റാഡ് പറഞ്ഞു. ഇതില് 653 മെഗാവാട്ടും ഡാറ്റാ സെന്ററുകള്ക്ക് വേണ്ടിയുള്ളതാണ്. കഴിഞ്ഞ 110 വര്ഷം കൊണ്ട് നിര്മ്മിച്ചെടുത്ത അതേ വൈദ്യുതി ശേഷി അടുത്ത രണ്ട് മൂന്ന് വര്ഷത്തിനുള്ളില് വീണ്ടും സൃഷ്ടിക്കേണ്ട വലിയ വെല്ലുവിളിയാണ് ഓട്ടവയിലെ വൈദ്യുതി വിതരണ കമ്പനികള് ഇപ്പോള് നേരിടുന്നത്.

ഇത്രയും വലിയ വൈദ്യുതി ആവശ്യകതയും പരിസ്ഥിതി പ്രത്യാഘാതങ്ങളും കണക്കിലെടുത്ത് ഡാറ്റാ സെന്റര് നിര്ദ്ദേശങ്ങള് കൃത്യമായി വിലയിരുത്താന് പ്രത്യേക ചട്ടക്കൂട് ഉണ്ടാക്കാന് ഓട്ടവ സിറ്റി കൗണ്സില് ഓഗസ്റ്റില് തീരുമാനിച്ചിരുന്നു. പദ്ധതികളുടെ വലിപ്പം, വായു-പരിസ്ഥിതി മാനദണ്ഡങ്ങള്, പ്രാദേശിക സമൂഹത്തിന് ലഭിക്കുന്ന ഗുണങ്ങള് എന്നിവ പരിശോധിച്ച ശേഷമായിരിക്കും ഇനി പുതിയ കേന്ദ്രങ്ങള്ക്ക് അനുമതി നല്കുക.
