തൃശൂര്: നവരാത്രി ആഘോഷങ്ങളില് പങ്കെടുക്കുന്നതിനായി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നാളെ കേരളത്തിലെത്തും. തൃശൂരിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ കല്യാണ് ജ്വല്ലേഴ്സിന്റെ ഉടമ ടി. എസ്. കല്യാണരാമന്റെ വസതിയില് നടക്കുന്ന നവരാത്രി ചടങ്ങുകളിലാണ് അദ്ദേഹം പങ്കെടുക്കുന്നത്. കല്യാണ് ഗ്രൂപ്പിന്റെ ഈ വിപുലമായ ആഘോഷങ്ങളില് മുന്വര്ഷങ്ങളിലും അമിതാഭ് ബച്ചന് ഉള്പ്പെടെയുള്ള നിരവധി പ്രമുഖര് അതിഥികളായി എത്തിയിട്ടുണ്ട്.

കേരളത്തിലേക്ക് വരുന്നതിന് മുന്പ്, കോയമ്പത്തൂരിലെ ഗാന്ധിപുരത്ത് സജ്ജീകരിച്ചിരിക്കുന്ന ‘പെരിയാര് അറിവുലകം’ ലൈബ്രറിയുടെ ഉദ്ഘാടനം നാളെ (ഒക്ടോബര് 16) അദ്ദേഹം നിര്വഹിക്കും. കോയമ്പത്തൂരിലെ ഔദ്യോഗിക പരിപാടികള് പൂര്ത്തിയാക്കിയ ശേഷം ഹെലികോപ്റ്ററിലാണ് അദ്ദേഹം തൃശൂരിലേക്ക് എത്തുക. കൂടാതെ, തൃശൂരിലെ പ്രശസ്തമായ ഗുരുവായൂര് ക്ഷേത്രം സന്ദര്ശിക്കാനും അദ്ദേഹത്തിന് പദ്ധതിയുണ്ടെന്ന് റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നു.
