കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ ജെ. തച്ചങ്കരിക്ക് ആശ്വാസമായി ഹൈക്കോടതി നടപടി. കോട്ടയം വിജിലൻസ് കോടതി വിധിച്ച നാല് വർഷത്തെ കഠിനതടവും പിഴയും ഹൈക്കോടതി മരവിപ്പിച്ചു. അഴിമതി നിരോധന നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്നായിരുന്നു വിചാരണക്കോടതി ശിക്ഷ വിധിച്ചത്.
ശിക്ഷാവിധിക്ക് പിന്നാലെ തച്ചങ്കരിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നു. ശിക്ഷ മരവിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങും.
64.70 ലക്ഷം രൂപയുടെ അനധികൃത സ്വത്തെന്ന് വിജിലൻസ്
2003 ജനുവരി ഒന്നുമുതൽ 2007 ജൂലൈ വരെയുള്ള കാലയളവിൽ ഔദ്യോഗിക പദവിയിലിരിക്കെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് തച്ചങ്കരിക്കെതിരായ വിജിലൻസ് കേസ്. ഏകദേശം 64.70 ലക്ഷം രൂപയുടെ സ്വത്ത് അദ്ദേഹത്തിന്റെ അറിയപ്പെടുന്ന വരുമാനത്തെക്കാൾ അധികമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നു.

ഈ തുക അറിയപ്പെടുന്ന വരുമാനത്തിന്റെ 135 ശതമാനത്തിലധികം വരുമെന്നും അധിക സ്വത്തിന്റെ ഉറവിടം സംബന്ധിച്ച് തൃപ്തികരമായ വിശദീകരണം നൽകാൻ കഴിഞ്ഞില്ലെന്നും അന്വേഷണസംഘം ആരോപിച്ചിരുന്നു.
2013ൽ കുറ്റപത്രം സമർപ്പിച്ചു
തച്ചങ്കരിയുടെ സ്വത്ത് ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിനൊടുവിൽ 2013ലാണ് വിജിലൻസ് കുറ്റപത്രം സമർപ്പിച്ചത്. കേസ് ആദ്യം തൃശൂർ വിജിലൻസ് കോടതിയിലും പിന്നീട് മൂവാറ്റുപുഴ വിജിലൻസ് കോടതിയിലും പരിഗണിച്ചു. തുടർന്നാണ് വിചാരണ കോട്ടയം വിജിലൻസ് കോടതിയിലേക്ക് മാറ്റിയത്.
