Friday, October 16, 2026

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; മൂന്ന് പേരെ കൂടി പ്രതി ചേര്‍ത്തു

കോഴിക്കോട്: വടകരയിലെ വിവാദപരമായ ‘കാഫിര്‍’ സ്‌ക്രീന്‍ഷോട്ട് കേസില്‍ മൂന്ന് പേരെക്കൂടി പോലീസ് പ്രതി ചേര്‍ത്തു. എന്നാല്‍, ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയില്‍ നിന്ന് ആവശ്യമായ വിവരങ്ങള്‍ ലഭിക്കാത്തത് കൂടുതല്‍ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നതിന് തടസ്സമാകുന്നുവെന്നാണ് പോലീസിന്റെ വിശദീകരണം. വിവരങ്ങള്‍ നല്‍കാന്‍ മെറ്റയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് പോലീസ് വടകര കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും.

വിവാദ സ്‌ക്രീന്‍ഷോട്ട് ഫേസ്ബുക്കില്‍ പങ്കുവെച്ച തൃശൂര്‍ സ്വദേശിയും സിപിഎം ജനപ്രതിനിധിയുമായ വഹാബ്, കോഴിക്കോട് നാദാപുരം സ്വദേശിയായ അതുല്‍, തിരുവള്ളൂര്‍ സ്വദേശി അതുല്‍ പ്രസാദ് എന്നീ സിപിഎം പ്രവര്‍ത്തകരെയാണ് പുതിയതായി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇവരെ മൂവരെയും ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു; നിലവില്‍ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കേസിലെ പ്രധാന വിവരങ്ങള്‍ പങ്കുവെക്കാന്‍ മെറ്റ തയ്യാറാകാത്ത സാഹചര്യത്തിലാണ് അന്വേഷണ സംഘം കോടതിയെ സമീപിക്കുന്നത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് വിദ്വേഷം പടര്‍ത്തുന്ന രീതിയിലുള്ള ഈ സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചത്. ‘ഷാഫി പറമ്പില്‍ അഞ്ച് നേരം നമസ്‌കരിക്കുന്ന ദീനിയായ ചെറുപ്പക്കാരനാണ്, മറുവശത്ത് കാഫിറായ സ്ത്രീ സ്ഥാനാര്‍ത്ഥിയാണ്; നമ്മള്‍ ആര്‍ക്കാണ് വോട്ട് ചെയ്യേണ്ടത്?’ എന്ന രീതിയിലായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം. രാഷ്ട്രീയ നേട്ടത്തിനായി സിപിഎം പ്രവര്‍ത്തകര്‍ തന്നെയാണ് ഈ വര്‍ഗീയ സന്ദേശം നിര്‍മ്മിച്ചതെന്ന് പോലീസിന്റെ മുന്‍ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഡിവൈഎഫ്‌ഐ നേതാക്കളായ റിബേഷ് രാമകൃഷ്ണന്‍, ജിതിന്‍ ഭാസ്‌കര്‍, അമല്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജിതിന്‍ ഭാസ്‌കറാണ് സ്‌ക്രീന്‍ഷോട്ട് നിര്‍മ്മിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!