Friday, October 16, 2026

നെടുമ്പാശ്ശേരി വാഹനാപകടം: സുഹൈലിന്റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി; വിധി നാളെ

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് കൗമാരക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷയിൽ നാളെ വിധി പറയും.

പ്രതികൾക്കെതിരെ ഗൂഢാലോചന നടക്കുകയാണെന്നും കേസിലെ സാക്ഷിമൊഴികളിൽ സംശയങ്ങളുണ്ടെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. അപകടം നേരിട്ട് കണ്ട ദൃക്സാക്ഷികളില്ലെന്നും മൊഴി നൽകിയ പ്രിയാദ് സംഭവസ്ഥലത്ത് എങ്ങനെ എത്തിയെന്നും ഇയാൾക്ക് പ്രാഥമിക മൊഴി നൽകാൻ കഴിയുന്ന സാഹചര്യം എന്താണെന്നും പ്രതിഭാഗം ചോദ്യം ചെയ്തു.

പ്രിയാദിന്റെ മൊഴിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത പ്രതിഭാഗം, അപകടത്തിന് പിന്നിലെ സാഹചര്യങ്ങളിൽ വ്യക്തതയില്ലെന്നും വാദിച്ചു. പ്രതികൾക്കെതിരെ നരഹത്യാക്കുറ്റം ചുമത്താൻ ആവശ്യമായ തെളിവുകളില്ലെന്നും വാഹനം അമിതവേഗത്തിലായിരുന്നുവെന്നതിന് വ്യക്തമായ തെളിവുകൾ ഹാജരാക്കിയിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു.

കഴിഞ്ഞ ഒരാഴ്ചയായി വലിയ ചർച്ചയായ മറ്റൊരു വാർത്തയിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് അപകടത്തിന് അമിത പ്രാധാന്യം നൽകുന്നതെന്നും പ്രതിഭാഗം ആരോപിച്ചു. അപകടസമയത്ത് മൂന്ന് പേർ ഒരുമിച്ച് യാത്ര ചെയ്തതും അപകടത്തിലേക്ക് നയിച്ചുവെന്ന വാദവും പ്രതിഭാഗം ഉന്നയിച്ചു.

എന്നാൽ, മൂന്ന് പേർ യാത്ര ചെയ്തതുകൊണ്ടാണോ വാഹനം ഇടിച്ചതെന്ന് കോടതി ചോദിച്ചു. മരിച്ചവർ നിയമലംഘനം നടത്തിയെന്ന പ്രതിഭാഗത്തിന്റെ വാദത്തോടും കോടതി പ്രതികരിച്ചു. അവർ മരിച്ചുപോയ സാഹചര്യത്തിൽ ഇനി എന്ത് നടപടിയാണ് സ്വീകരിക്കാനാകുകയെന്നും കോടതി ചോദിച്ചു.

മൂന്ന് കൗമാരക്കാരുടെ മരണത്തിനിടയാക്കിയ അപകടം

കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ നെടുമ്പാശ്ശേരി എയർപോർട്ട് വിഐപി റോഡിലാണ് നാടിനെ നടുക്കിയ അപകടം നടന്നത്. മദ്യലഹരിയിൽ അമിതവേഗത്തിലെത്തിയ മിനി കൂപ്പർ കാർ ഇടിച്ച് ഇയാസ്, ദേവിക, ഗോപിക എന്നീ മൂന്ന് കൗമാരക്കാർ മരിക്കുകയായിരുന്നു.

സംഭവത്തിൽ മുഖ്യപ്രതിയായ സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിലാണ് ഇപ്പോൾ കോടതി വാദം കേട്ടത്. നാളെ പുറപ്പെടുവിക്കുന്ന കോടതി വിധി കേസിൽ നിർണായകമാകും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!