കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിൽ മുഖ്യപ്രതി സുഹൈൽ സജീവിന്റെയും മറ്റ് മൂന്ന് പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷകൾ തള്ളിയത്. സുഹൈലിന്റെ സുഹൃത്തുക്കളായ നിനവ്, ജോയൽ, അമീൻ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.
ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട വാദം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. പ്രതികൾക്കെതിരായ കേസ് ഗൂഢാലോചനയുടെ ഭാഗമാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം. അപകടവുമായി ബന്ധപ്പെട്ട് മൊഴി നൽകിയ പ്രിയാദ് സംഭവസ്ഥലത്ത് എങ്ങനെ എത്തിയെന്നും അപകടം നേരിട്ട് കണ്ടതിന് തെളിവുകളുണ്ടോയെന്നും പ്രതിഭാഗം കോടതിയിൽ ചോദ്യം ഉന്നയിച്ചു. പ്രതികൾക്കെതിരെ നരഹത്യാക്കുറ്റം ചുമത്താൻ മതിയായ കാരണങ്ങളില്ലെന്നും അമിതവേഗത്തിലായിരുന്നു വാഹനം എന്നതിന് തെളിവുകളില്ലെന്നും പ്രതിഭാഗം വാദിച്ചു.

കഴിഞ്ഞ ഒരാഴ്ചയായി ചർച്ചയായ മറ്റൊരു വാർത്തയിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് അപകടം വലിയ വാർത്തയാക്കിയതെന്നും പ്രതിഭാഗം ആരോപിച്ചു. അപകടത്തിൽ മരിച്ചവർ മൂന്നുപേർ ഒരുമിച്ച് യാത്ര ചെയ്തതാണ് അപകടത്തിന് കാരണമായതെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ, അതുകൊണ്ടാണോ വാഹനം ഇടിച്ചതെന്ന് കോടതി തിരിച്ചുചോദിച്ചു. മരിച്ചവർ നിയമലംഘനം നടത്തിയെന്ന വാദം ഉയർന്നപ്പോഴും ഇനി അവർക്കെതിരെ എന്ത് നടപടി സ്വീകരിക്കാനാകുമെന്ന ചോദ്യം കോടതി ഉന്നയിച്ചു.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ വിഐപി റോഡിൽ നാടിനെ നടുക്കിയ അപകടമുണ്ടായത്. മദ്യലഹരിയിൽ അമിതവേഗത്തിലെത്തിയ മിനി കൂപ്പർ കാർ ഇടിച്ചാണ് മൂന്നുപേർക്ക് ദാരുണാന്ത്യം സംഭവിച്ചത്.
ദക്ഷിണ കന്നഡയിലെ സുള്ളിയ സ്വദേശിയായ ഇയ്യാസ് ഇബ്രാഹിം (21), കൽപ്പറ്റ സ്വദേശിനി ദേവിക (21), മണ്ണാർക്കാട് സ്വദേശിനി ഗോപിക (21) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
