വൻകൂവർ: വൻകൂവറിന്റെ പുതിയ മേയറായി ഗ്രീൻ പാർട്ടി നേതാവ് പീറ്റ് ഫ്രൈ തിരഞ്ഞെടുക്കപ്പെട്ടു. നിലവിലെ മേയർ കെൻ സിമ്മിനെ പരാജയപ്പെടുത്തിയാണ് ഫ്രൈയുടെ വിജയം. താങ്ങാനാവുന്ന വിലയിലുള്ള ഭവനങ്ങൾ, പൊതുഗതാഗത വികസനം, നഗരത്തിലെ ജീവിതച്ചെലവ് കുറയ്ക്കൽ എന്നിവയ്ക്ക് മുൻഗണന നൽകുമെന്ന വാഗ്ദാനങ്ങളാണ് ഫ്രൈയുടെ പ്രചാരണത്തിലെ പ്രധാന വിഷയങ്ങൾ.
2022 മുതൽ വൻകൂവർ സിറ്റി കൗൺസിൽ അംഗമായ ഫ്രൈ, കഴിഞ്ഞ നാല് വർഷമായി സിമ്മിന്റെ ഭരണത്തെയും അദ്ദേഹത്തിന്റെ എബിസി പാർട്ടിയുടെ ഭൂരിപക്ഷത്തെയും വിമർശിച്ചിരുന്നു. ശനിയാഴ്ച രാത്രി വിജയം ഉറപ്പായതിനെ തുടർന്ന് പ്രവർത്തകരെ അഭിസംബോധന ചെയ്ത ഫ്രൈ, നഗരത്തിനുവേണ്ടി ആത്മാർഥമായി പ്രവർത്തിക്കുമെന്നും ജനങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് ഉയരുമെന്നും പറഞ്ഞു.
തോൽവി അംഗീകരിച്ച കെൻ സിം, മേയർ പദവിയിൽ ചെലവഴിച്ച കാലം തന്റെ ജീവിതത്തിലെ ഏറ്റവും അർഥവത്തായ അനുഭവങ്ങളിലൊന്നായിരുന്നുവെന്ന് പ്രതികരിച്ചു.
പുരോഗമന നിലപാടുള്ള പാർട്ടികൾക്കിടയിൽ വോട്ടുകൾ വിഭജിക്കാതിരിക്കാൻ ഫ്രൈക്ക് പിന്തുണ ലഭിച്ചതും വിജയത്തിൽ നിർണായകമായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കോപ്പെയുടെ സ്റ്റെഫാനി അലനും വൺസിറ്റിയുടെ വില്യം അസറോഫും മേയർ സ്ഥാനത്തേക്കുള്ള മത്സരത്തിൽനിന്ന് പിന്മാറിയിരുന്നു.
നഗരത്തിലെ ഭവനപ്രതിസന്ധി പരിഹരിക്കുന്നതിനായി കൂടുതൽ താങ്ങാനാവുന്ന വിലയിലുള്ള വീടുകൾ നിർമിക്കുമെന്ന് ഫ്രൈ വാഗ്ദാനം ചെയ്തിട്ടുണ്ട്. സഹകരണ ഭവനപദ്ധതികൾക്കും സാമൂഹിക ഭവനങ്ങൾക്കും മുൻഗണന നൽകുന്നതിനൊപ്പം നിർമാണ അനുമതികൾക്കായി കാത്തിരിക്കേണ്ട സമയം കുറയ്ക്കാനും പദ്ധതിയുണ്ട്.

മുൻകൂട്ടി അംഗീകരിച്ച കെട്ടിട രൂപകൽപനകൾ ഉപയോഗിച്ച് നിർമാണ നടപടികൾ വേഗത്തിലാക്കാനാണ് ലക്ഷ്യം. നഗരത്തിലെ ഉയർന്ന വാടകയും വീടുകളുടെ വിലയും നേരിടുന്നവർക്ക് ആശ്വാസം നൽകുന്ന പദ്ധതികൾ നടപ്പാക്കുമെന്ന് ഗ്രീൻ പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്.
വൻകൂവറിലെ സൈക്കിൾ പാതകൾ വിപുലീകരിക്കാനും ബ്രോഡ്വേ സബ്വേ പാത യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയ (യു.ബി.സി.) വരെ നീട്ടുന്നതിനായി ശ്രമിക്കാനും ഫ്രൈയുടെ നേതൃത്വത്തിലുള്ള പാർട്ടി ലക്ഷ്യമിടുന്നു. നഗരത്തിലെ ഗതാഗതസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതും പരിസ്ഥിതി സൗഹൃദ യാത്രാമാർഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്.
വൻകൂവർ സ്കൂളുകളിൽ എഐ ചാറ്റ്ബോട്ടുകൾ വിദ്യാർഥികളിൽ ഉണ്ടാക്കുന്ന സ്വാധീനം വിലയിരുത്തുന്നതുവരെ അവയുടെ ഉപയോഗം നിർത്തിവയ്ക്കണമെന്ന നിർദേശവും ഗ്രീൻ പാർട്ടി മുന്നോട്ടുവച്ചിട്ടുണ്ട്. ഇതിനുപുറമെ, അടുക്കളയും കുളിമുറിയും ഉൾപ്പെടുന്ന വളരെ ചെറിയ മൈക്രോ സ്യൂട്ടുകളുടെ നിർമാണത്തിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്താനും പാർട്ടി നിർദേശിക്കുന്നു.
