ആൽബെർട്ടയ്ക്ക് കുടിയേറ്റ നയങ്ങളിൽ കൂടുതൽ അധികാരം നൽകുന്ന കാര്യം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി സൂചന നൽകി. ക്യൂബെക്കിന് ലഭിച്ചിട്ടുള്ള പ്രത്യേക അധികാരങ്ങൾക്ക് സമാനമായ ഒരു കരാർ ആൽബെർട്ടയുമായും ഉണ്ടാക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, “കാത്തിരുന്ന് കാണാം” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

പാർലമെന്റ് ഹില്ലിൽ ലിബറൽ പാർട്ടിയുടെ പ്രതിവാര കോക്കസ് യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് കാർണി ഇക്കാര്യം വ്യക്തമാക്കിയത്. കുടിയേറ്റവുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ പ്രവിശ്യകൾക്ക് കൂടുതൽ പങ്കാളിത്തം നൽകണമെന്ന ആവശ്യം വിവിധ മേഖലകളിൽ ഉയരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

നിലവിൽ ക്യൂബെക്കിന് കുടിയേറ്റവുമായി ബന്ധപ്പെട്ട് മറ്റ് പ്രവിശ്യകളിൽനിന്ന് വ്യത്യസ്തമായ ചില അധികാരങ്ങളുണ്ട്. ആൽബെർട്ടയും പ്രവിശ്യയുടെ സാമ്പത്തിക ആവശ്യങ്ങൾക്കും തൊഴിൽ വിപണിക്കും അനുസൃതമായി കുടിയേറ്റം നിയന്ത്രിക്കുന്നതിൽ കൂടുതൽ പങ്ക് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ അന്തിമ തീരുമാനമെടുത്തിട്ടില്ല. ഭാവിയിൽ ഫെഡറൽ സർക്കാരും ആൽബെർട്ടയും തമ്മിലുള്ള ചർച്ചകൾ നിർണായകമാകും.

