മൺട്രിയോൾ: കനേഡിയൻ ബാങ്കിങ് സ്ഥാപനമായ ബാങ്ക് ഓഫ് മൺട്രിയോൾ (ബിഎംഒ) യുഎസ് വിഭാഗത്തിൽ നേതൃത്വമാറ്റം പ്രഖ്യാപിച്ചു. 22 വർഷത്തിലേറെ നീണ്ട സേവനത്തിനുശേഷം യുഎസ് സിഇഒ സ്ഥാനത്തുനിന്ന് ഡാരൽ ഹാക്കറ്റ് മാറുന്നതോടെയാണ് പുതിയ നിയമനം. നവംബർ ഒന്നുമുതൽ അദ്ദേഹം ബാങ്കിന്റെ എക്സിക്യൂട്ടീവ് വൈസ് ചെയർമാനും സീനിയർ അഡ്വൈസറുമായി പ്രവർത്തിക്കും.
ഹാക്കറ്റിന് പകരക്കാരനായി ടിം കോക്സിനെയാണ് ബിഎംഒ നിയമിച്ചിരിക്കുന്നത്. യുഎസ് കൺട്രി ഹെഡ് പദവിക്കൊപ്പം ബിഎംഒ ഫിനാൻഷ്യൽ കോർപ്പറേഷൻ, ബിഎംഒ ബാങ്ക് എൻ.എ. എന്നീ യുഎസ് അനുബന്ധ സ്ഥാപനങ്ങളുടെ സിഇഒ ചുമതലകളും അദ്ദേഹം ഏറ്റെടുക്കും. നവംബർ ഒന്നുമുതൽ നിയമനം പ്രാബല്യത്തിൽ വരും.
2010-ലാണ് ടിം കോക്സ് ബിഎംഒയിൽ ചേർന്നത്. തുടർന്ന് ബാങ്കിന്റെ ലീഗൽ, റെഗുലേറ്ററി കോംപ്ലയൻസ് മേഖലയിലും വിവിധ ഉന്നത പദവികൾ വഹിച്ചു. ബാങ്കിന്റെ യുഎസ് പ്രവർത്തനങ്ങൾക്ക് തുടർച്ച ഉറപ്പാക്കുന്നതിനും വളർച്ച മുന്നോട്ടുകൊണ്ടുപോകുന്നതിനും പുതിയ നേതൃത്വം നിർണായകമാകുമെന്നാണ് പ്രതീക്ഷ.
ബിഎംഒയുടെ യുഎസ് പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതിൽ ഡാരൽ ഹാക്കറ്റ് പ്രധാന പങ്കുവഹിച്ചതായി ബാങ്ക് സിഇഒ ഡാരിൽ വൈറ്റ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഹാക്കറ്റ് പുതിയ ഉപദേശക ചുമതലകളിലേക്ക് മാറുന്നതോടെ അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് തുടർന്നും പ്രയോജനപ്പെടുത്താനാണ് ബാങ്കിന്റെ നീക്കം.

ഡിബാങ്കിംഗ് ആരോപണങ്ങൾക്കിടെ നേതൃമാറ്റം
അമേരിക്കയിൽ ചില ഉപഭോക്താക്കളുടെ രാഷ്ട്രീയ നിലപാടുകളുടെ പേരിൽ ബാങ്കിംഗ് സേവനങ്ങൾ നിഷേധിച്ചുവെന്നും അക്കൗണ്ടുകൾ റദ്ദാക്കിയെന്നുമുള്ള ‘ഡിബാങ്കിംഗ്’ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ബിഎംഒയുടെ നേതൃമാറ്റം. യുഎസ് ഓഫീസ് ഓഫ് ദി കംപ്ട്രോളർ ഓഫ് ദി കറൻസി (ഒസിസി) പുറത്തുവിട്ട റിപ്പോർട്ടിൽ ബിഎംഒ ഉൾപ്പെടെയുള്ള ബാങ്കുകളുടെ പേരുകൾ പരാമർശിക്കപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
രാഷ്ട്രീയ നിലപാടുകളുടെ അടിസ്ഥാനത്തിൽ ഉപഭോക്താക്കൾക്ക് സാമ്പത്തിക സേവനങ്ങൾ പരിമിതപ്പെടുത്തിയെന്ന ആരോപണം അമേരിക്കൻ ബാങ്കിങ് മേഖലയിൽ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
ടിം കോക്സിന്റെ നേതൃത്വത്തിൽ യുഎസിലെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും ഉപഭോക്തൃ സേവനങ്ങൾ മെച്ചപ്പെടുത്താനും ബിഎംഒ ലക്ഷ്യമിടുന്നു.
