Thursday, October 22, 2026

സ്റ്റെൽകോയിലെ പിരിച്ചുവിടൽ പിൻവലിക്കാൻ 15 ദിവസത്തെ അന്ത്യശാസനം; കോടതിയെ സമീപിക്കുമെന്ന് കാനഡ

ഹാമിൽട്ടൺ: കാനഡയിലെ സ്റ്റെൽകോ സ്റ്റീൽ കമ്പനിയിലെ പിരിച്ചുവിടൽ പിൻവലിക്കാൻ അമേരിക്കൻ മാതൃകമ്പനിയായ ക്ലീവ്ലാൻഡ്-ക്ലിഫ്സിന് 15 ദിവസത്തെ സമയം നൽകി കാനഡ വ്യവസായ മന്ത്രി മെലാനി ജോളി. നടപടി പിൻവലിച്ചില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി.

അമേരിക്കൻ സ്റ്റീൽ തീരുവകൾ വിൽപ്പനയെ ബാധിക്കുന്നതിനാൽ ഹാമിൽട്ടണിലെ സ്റ്റെൽകോ പ്ലാന്റിൽ 500 തൊഴിലാളികളെ വരെ താൽക്കാലികമായി പിരിച്ചുവിടാനാണ് കമ്പനി പദ്ധതിയിടുന്നത്. എന്നാൽ 2024-ൽ സ്റ്റെൽകോ ഏറ്റെടുത്തപ്പോൾ നൽകിയ തൊഴിൽ സംരക്ഷണ ഉറപ്പുകളുടെ ലംഘനമാണിതെന്നാണ് ഫെഡറൽ സർക്കാരിന്റെ നിലപാട്.

2024 മുതൽ 2029 വരെ യൂണിയൻ അംഗങ്ങളായ തൊഴിലാളികളുടെ എണ്ണവും യൂണിയനിൽ അംഗങ്ങളല്ലാത്തവരിൽ ഭൂരിഭാഗത്തിന്റെയും തൊഴിലും നിലനിർത്താമെന്ന് കമ്പനി ഉറപ്പുനൽകിയിരുന്നതായി സർക്കാർ ചൂണ്ടിക്കാട്ടുന്നു.

നിയമനടപടിക്ക് സാധ്യത

വ്യാഴാഴ്ച ക്ലീവ്ലാൻഡ്-ക്ലിഫ്സിന് അയച്ച ഔദ്യോഗിക കത്തിലൂടെയാണ് മന്ത്രി 15 ദിവസത്തെ സമയപരിധി നിശ്ചയിച്ചത്. നിർദേശം പാലിച്ചില്ലെങ്കിൽ ഇൻവെസ്റ്റ്മെന്റ് കാനഡ ആക്ട് പ്രകാരം കോടതിയെ സമീപിച്ച് സാമ്പത്തിക പിഴ ചുമത്തുന്നതുൾപ്പെടെയുള്ള നടപടികൾ ആവശ്യപ്പെടുമെന്ന് കത്തിൽ വ്യക്തമാക്കുന്നു. കമ്പനിയിൽ നിന്ന് സ്റ്റെൽകോയുടെ ഉടമസ്ഥാവകാശം ഒഴിവാക്കാൻ നിർദേശിക്കാനും സാധ്യതയുണ്ട്.

അതേസമയം, തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നത് കമ്പനിയുടെ നിലനിൽപ്പ് ഉറപ്പാക്കാനാണെന്നാണ് ക്ലീവ്ലാൻഡ്-ക്ലിഫ്സിന്റെ വാദം. എന്നാൽ വിപണിയിലെ മാറ്റങ്ങളോ സാമ്പത്തിക പ്രതിസന്ധികളോ കാനഡയ്ക്ക് നൽകിയ ഉറപ്പുകളിൽ നിന്ന് കമ്പനിയെ ഒഴിവാക്കില്ലെന്ന് ജോളി വ്യക്തമാക്കി.

സ്റ്റെൽകോയുടെ ഏറ്റെടുക്കലിനുശേഷമുള്ള ഏറ്റവും മികച്ച മൂന്നാം പാദ പ്രകടനമാണ് ഈ വർഷം രേഖപ്പെടുത്തിയതെന്ന് ക്ലീവ്ലാൻഡ്-ക്ലിഫ്സിന്റെ മേധാവി ലോറെൻസോ ഗോൺകാൽവ്സ് നേരത്തേ അറിയിച്ചിരുന്നു. ഇതോടെ കമ്പനിയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള വാദങ്ങളും ചർച്ചയായിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!