Thursday, October 22, 2026

തിരഞ്ഞെടുപ്പില്‍ കാനഡ ഇടപെടുന്നുവെന്ന് U.S എംബസി; ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് കാര്‍ണി

ഓട്ടവ: അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പില്‍ കാനഡ സ്വാധീനം ചെലുത്താന്‍ ശ്രമിക്കുന്നുവെന്ന യു.എസ്. എംബസിയുടെ ആരോപണം തള്ളി കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും ഒന്റാരിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡും രംഗത്തെത്തി. അമേരിക്കന്‍ രാഷ്ട്രീയത്തെ സ്വാധീനിക്കാന്‍ കനേഡിയന്‍ നേതാക്കള്‍ പദ്ധതിയിടുന്നുവെന്ന് ആരോപിച്ച്, അവരുടെ പ്രസ്താവനകള്‍ ഉള്‍പ്പെടുത്തിയ ഒരു പട്ടിക കാനഡയിലെ യു.എസ്. എംബസി ബുധനാഴ്ച പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കനേഡിയന്‍ നേതാക്കള്‍ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയത്.

അമേരിക്ക ഏര്‍പ്പെടുത്തിയ താരിഫുകള്‍ക്ക് മറുപടിയായി യു.എസ്. ബിസിനസുകള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനെയും, ചില അമേരിക്കന്‍ സംസ്ഥാനങ്ങളെ ലക്ഷ്യമിട്ട് തിരിച്ചടി താരിഫുകള്‍ ചുമത്തുന്നതിനെയും കുറിച്ചുള്ള പ്രതികരണങ്ങളാണ് എംബസി പുറത്തുവിട്ട പട്ടികയിലുള്ളത്. കാനഡ വ്യവസായ മന്ത്രി മെലാനി ജോളി നടത്തിയ പരാമര്‍ശങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. കാനഡയ്‌ക്കെതിരെ ആദ്യം വ്യാപാര നടപടികള്‍ സ്വീകരിച്ചത് അമേരിക്കയാണെന്ന് പാര്‍ലമെന്റ് ഹില്ലില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ചൂണ്ടിക്കാട്ടി. യു.എസ്. താരിഫുകള്‍ക്ക് മറുപടിയായി 9 ബില്യണ്‍ ഡോളറിന്റെ സഹായ പാക്കേജ് പ്രഖ്യാപിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങളുടെ എല്ലാ നടപടികളും കനേഡിയന്‍ തൊഴിലാളികളുടെയും കുടുംബങ്ങളുടെയും രാജ്യത്തിന്റെ സാമ്പത്തിക ഭാവിയുടെയും സംരക്ഷണത്തിന് വേണ്ടിയുള്ളത് മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ഇടപെടാന്‍ തനിക്ക് യാതൊരു താല്പര്യവുമില്ലെന്ന് ഒന്റാരിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡും വ്യക്തമാക്കി. അമേരിക്കന്‍ ജനത ആഗ്രഹിക്കുന്നത് സ്ഥിരതയാണെന്നും ഒന്റാരിയോയിലെയും കാനഡയിലെയും സമ്പദ്വ്യവസ്ഥയെയും ജനങ്ങളെയും സംരക്ഷിക്കുന്നതിലാണ് തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് അമേരിക്കന്‍ ജനത തന്നെ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ, ഒന്റാരിയോ നല്‍കിയ പരസ്യങ്ങളും കനേഡിയന്‍ നേതാക്കളുടെ പ്രസ്താവനകളും തിരഞ്ഞെടുപ്പ് ഇടപെടലായി കാണാമെന്നും കനേഡിയന്‍ രാഷ്ട്രീയക്കാരുടെ നീക്കങ്ങള്‍ അമേരിക്കന്‍ അധികൃതര്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും യു.എസ്. അംബാസഡര്‍ പീറ്റ് ഹൂക്ക്‌സ്ട്ര മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ കാനഡ ഒരിക്കലും തിരഞ്ഞെടുപ്പ് ഇടപെടലുകളില്‍ ഏര്‍പ്പെടില്ലെന്ന് കനേഡിയന്‍ മന്ത്രി മെലാനി ജോളി വ്യക്തത വരുത്തി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!