കൊച്ചി: എറണാകുളം മാർക്കറ്റിലെ കടവുംഭാഗം ജൂതപ്പള്ളിക്ക് മുന്നിൽ തീവെപ്പ് നടത്തിയ കേസിൽ പ്രതി എബിൻ ബി. പോളിനെതിരെ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമമായ യു.എ.പി.എ. ചുമത്തി. ഗൂഢാലോചന, ഭീകരപ്രവർത്തനം തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തി അന്വേഷണസംഘം എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. യു.എ.പി.എ. ചുമത്തിയ സാഹചര്യത്തിൽ കേസ് അന്വേഷണം എൻ.ഐ.എ. ഏറ്റെടുത്തേക്കുമെന്നാണ് സൂചന.
നേരത്തേ എൻ.ഐ.എ., ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർ പ്രതിയെ ചോദ്യം ചെയ്തിരുന്നു. ജൂതപ്പള്ളി ആക്രമണം, മൂവാറ്റുപുഴയിലെ കാർ ഷോറൂമിന് തീയിട്ട സംഭവം, വീട്ടിലെ തീവെപ്പ്, ലഹരിക്കേസ് എന്നിവയുൾപ്പെടെ നാല് കേസുകളാണ് എബിൻ പോളിനെതിരേ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിന് പിന്നാലെയാണ് ജൂതപ്പള്ളി ആക്രമണക്കേസിൽ യു.എ.പി.എ. കൂടി ചുമത്തിയത്.
പുലർച്ചെ ജൂതപ്പള്ളിക്ക് മുന്നിൽ തീവെപ്പ്
12-ന് പുലർച്ചെ രണ്ടരയോടെയാണ് പ്രത്യേക പൊലീസ് സുരക്ഷയുണ്ടായിരുന്ന ജൂതപ്പള്ളിക്ക് മുന്നിൽ ആക്രമണമുണ്ടായത്. കാറിലെത്തിയ പ്രതി, ജൂതപ്പള്ളിക്ക് മുന്നിലെ ബ്ലോസം നഴ്സറിയുടെ ഫ്ലെക്സുകൾക്കും പ്രചാരണ സാമഗ്രികൾക്കും പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. കൃത്യത്തിനുശേഷം പ്രതി സ്വന്തം മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു.
സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ജൂതപ്പള്ളിക്ക് 24 മണിക്കൂറും പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഈ സുരക്ഷയ്ക്കിടെയുണ്ടായ ആക്രമണം അന്വേഷണസംഘം ഗൗരവത്തോടെയാണ് കാണുന്നത്.

‘ബോസി’ന്റെ നിർദേശം; ടെലഗ്രാം ചാറ്റുകൾ പരിശോധിക്കുന്നു
‘ബോസി’ന്റെ നിർദേശപ്രകാരമാണ് ആക്രമണം നടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. എന്നാൽ ഈ വ്യക്തി ആരാണെന്നും ആക്രമണത്തിന് പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും ഇതുവരെ വ്യക്തമായിട്ടില്ല. പ്രതിയും ‘ബോസി’നും തമ്മിലുള്ള ടെലഗ്രാം ചാറ്റുകൾ പൊലീസിന് ലഭിച്ചിരുന്നു.
പ്രതിയിൽനിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങളുടെ ഫൊറൻസിക് പരിശോധന തുടരുകയാണ്. ആക്രമണത്തിന്റെ ആസൂത്രണം, നിർദേശങ്ങൾ നൽകിയവരുടെ പങ്ക്, മറ്റ് വ്യക്തികളുമായുള്ള ബന്ധം എന്നിവ കണ്ടെത്തുകയാണ് അന്വേഷണത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.
എബിൻ പോളിന്റെ മുൻകാല പശ്ചാത്തലം പരിശോധിക്കുന്നതിന്റെ ഭാഗമായി പ്രത്യേക അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥർ പുണെയിലെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. അവിടെനിന്ന് അധ്യാപകരിൽനിന്നും സഹപാഠികളിൽനിന്നും ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ തേടുന്നുണ്ട്.
സർവകലാശാലയിൽ ബി.എസ്സി. ഇന്റീരിയർ ഡിസൈൻ കോഴ്സിന് പഠിച്ചിരുന്ന കാലത്ത് ഇയാൾ ഏതെങ്കിലും കേസുകളിൽ ഉൾപ്പെട്ടിരുന്നോയെന്നും അന്വേഷണസംഘം പരിശോധിക്കുന്നു.
