ഓട്ടവ: കാനഡയില്‍ സമീപവര്‍ഷങ്ങളില്‍ ശക്തമായിരുന്ന കുടിയേറ്റ വിരുദ്ധ മനോഭാവത്തില്‍ കുറവുണ്ടാകുന്നതായി പുതിയ സര്‍വേ ഫലം ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കനേഡിയന്‍ ജനതയുടെ കുടിയേറ്റത്തെക്കുറിച്ചുള്ള ആശങ്കകളില്‍ അയവ് വന്നിട്ടുണ്ടെന്ന് അസോസിയേഷന് ഫോര്‍ കനേഡിയന്‍ സ്റ്റഡീസ് തലവന്‍ ജാക്ക് ജെഡ്വാബ് വ്യക്തമാക്കി. ഈ മാസം ആദ്യം EKOS അസോസിയേഷന് ഫോര്‍ കനേഡിയന്‍ സ്റ്റഡീസിന് വേണ്ടി നടത്തിയ വോട്ടെടുപ്പിലാണ് ശ്രദ്ധേയമായ ഈ വിവരങ്ങള്‍ പുറത്തുവന്നത്.
രാജ്യത്ത് കുടിയേറ്റക്കാരുടെ എണ്ണം കൂടുതലാണോ അതോ അനുയോജ്യമായ അളവിലാണോ എന്ന കാര്യത്തില്‍ പ്രവിശ്യകള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. സര്‍വേയില്‍ പങ്കെടുത്ത 45 ശതമാനം കനേഡിയന്മാരും കാനഡയില്‍ കുടിയേറ്റക്കാരുടെ എണ്ണം കൂടുതലാണെന്ന് അഭിപ്രായപ്പെട്ടപ്പോള്‍, 31 ശതമാനം പേര് നിലവിലുള്ളത് ശരിയായ എണ്ണമാണെന്ന് വ്യക്തമാക്കി. എന്നാല്‍ രാജ്യത്ത് മതിയായ കുടിയേറ്റക്കാരില്ലെന്ന് അഭിപ്രായപ്പെട്ടത് 13 ശതമാനം പേര് മാത്രമാണ്.

പ്രവിശ്യാടിസ്ഥാനത്തിലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ അറ്റ്ലാന്റിക് മേഖലയിലും പ്രയറീസ് പ്രവിശ്യകളിലുമാണ് കുടിയേറ്റക്കാരുടെ എണ്ണം കൂടുതലാണെന്ന് കരുതുന്നവര്‍ ഏറെയുള്ളത്. മനിറ്റോബയിലും സാസ്കച്ചെവനിലുമുള്ള 52 ശതമാനം പേരും അറ്റ്ലാന്റിക് കാനഡയിലെ 50 ശതമാനം പേരും ആല്‍ബെര്‍ട്ട, ഒന്റാറിയോ എന്നിവിടങ്ങളിലെ 46 ശതമാനം പേരും കൂടുതല്‍ കുടിയേറ്റക്കാര്‍ രാജ്യത്തുണ്ടെന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍ ബ്രിട്ടിഷ് കൊളംബിയ (39 ശതമാനം), കെബെക്ക് (40 ശതമാനം) എന്നിവിടങ്ങളിലെ ജനങ്ങളാണ് ഈ അഭിപ്രായത്തോട് ഏറ്റവും കുറഞ്ഞ തോതില്‍ യോജിച്ചത്.
അതേസമയം, നിലവിലുള്ളത് ശരിയായ എണ്ണം കുടിയേറ്റക്കാരാണെന്ന് ഏറ്റവും കൂടുതല്‍ പേര് വിശ്വസിക്കുന്നത് ബ്രിട്ടീഷ് കൊളംബിയയിലാണ് (34 ശതമാനം). ആല്‍ബെര്‍ട്ടയിലും ക്യൂബെക്കിലും 32 ശതമാനം പേര് ഈ അഭിപ്രായം പങ്കുവെച്ചപ്പോള്‍, മനിറ്റോബയിലും സസ്കച്വാനിലും ഇത് 26 ശതമാനം മാത്രമാണ്. ഇതിനുപുറമേ, രാജ്യത്ത് ഇനിയും കൂടുതല്‍ കുടിയേറ്റക്കാര്‍ വേണമെന്ന് (മതിയായ കുടിയേറ്റക്കാര്‍ ഇല്ലെന്ന്) അഭിപ്രായപ്പെട്ടതിലും ബ്രിട്ടിഷ് കൊളംബിയക്കാരാണ് (18 ശതമാനം) മുന്നില്‍. കെബെക്കില്‍ 16 ശതമാനവും, അറ്റ്ലാന്റിക് കാനഡയില്‍ 13 ശതമാനവും, ഒന്റാരിയോയില്‍ 12 ശതമാനം പേരും ഈ അഭിപ്രായക്കാരാണ്.
