ടൊറന്റോ: 147 ദിവസം നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്റാരിയോ ജനപ്രതിനിധികള്‍ ഇന്ന് ക്വീന്‍സ് പാര്‍ക്കിലേക്ക് തിരിച്ചെത്തുന്നു. അടുത്ത കുറച്ച് ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന സഭ സമ്മേളനത്തില്‍ ഒന്റാരിയോ സ്റ്റുഡന്റ് അസിസ്റ്റന്റ് പ്രോഗ്രാം (OSAP) കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട തട്ടിപ്പ് വിവാദങ്ങള്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കരിയര്‍ കോളേജുകളില്‍ (Career Colleges) പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള OSAP ധനസഹായ വിതരണം പ്രവിശ്യാ ഭരണകൂടം താല്‍ക്കാലികമായി മരവിപ്പിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. തട്ടിപ്പ് കണ്ടെത്താനും സാമ്പത്തിക സുതാര്യത ഉറപ്പുവരുത്താനുമാണ് ഈ നടപടിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുമ്പോഴും, അവസാന നിമിഷം ഫണ്ട് തടഞ്ഞുവെച്ചതില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും കുടുംബങ്ങളും വലിയ പ്രതിസന്ധിയിലാണ്.

എന്നാല്‍, ഇന്‍ഫര്‍മേഷന്‍ അപേക്ഷയിലൂടെ ലഭിച്ച കണക്കുകള്‍ പ്രകാരം ചില കരിയര്‍ കോളേജുകളിലേക്ക് വന്‍തോതില്‍ ഫണ്ട് ഒഴുകിയതായി വ്യക്തമാകുന്നു. വെറും ഏഴ് സ്വകാര്യ കരിയര്‍ കോളേജുകള്‍ക്ക് മാത്രം 2024-25 വര്‍ഷത്തില്‍ ലഭിച്ച 385 മില്യണ്‍ ഡോളറിന്റെ OSAP ഗ്രാന്റ്, പ്രവിശ്യയിലെ മുഴുവന്‍ പബ്ലിക് കോളേജുകള്‍ക്കും ലഭിച്ച തുകയ്ക്ക് തുല്യമാണെന്ന് തെളിഞ്ഞു. 2023 മുതല്‍ തന്നെ ചില സ്ഥാപനങ്ങളിലെ ഫണ്ട് വിനിയോഗത്തെക്കുറിച്ച് മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നെങ്കിലും, കഴിഞ്ഞ മെയ് മാസത്തിലാണ് കോളേജ്-യൂണിവേഴ്‌സിറ്റി കാര്യ മന്ത്രി നോലന്‍ ക്വിന്‍ ആറ് കോളേജുകളെ OSAP പട്ടികയില്‍ നിന്ന് പുറത്താക്കിയത്.
തുടര്‍ന്ന് ഓഗസ്റ്റില്‍ ഗ്ലോബല്‍ ഓഡിറ്റ് സ്ഥാപനമായ KPMG നടത്തിയ പ്രാഥമിക പരിശോധനയില്‍ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിഷയം അന്വേഷിക്കാന്‍ ഒന്റാരിയോ പ്രൊവിന്‍ഷ്യല്‍ പൊലീസിനോട് (OPP) മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്ന് സഭ സമ്മേളിക്കുമ്പോള്‍ ചോദ്യോത്തര വേളയില്‍ സര്‍ക്കാരിനെ ലക്ഷ്യമിട്ട് പ്രതിപക്ഷം ഈ വിഷയം ഉന്നയിക്കാന്‍ പൂര്‍ണ്ണമായും തയ്യാറെടുത്തിരിക്കുകയാണ്.
