Thursday, October 29, 2026

ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാ സഖ്യത്തിന്റെ പരസ്യ വിചാരണ ഇന്ന്

ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാ സഖ്യം ഇന്ന് പ്രതീകാത്മക പരസ്യ വിചാരണ നടത്തും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടക്കുന്ന പരിപാടിയിൽ മുൻ ലോക്‌സഭാ സ്പീക്കർ മീരാ കുമാർ പ്രതീകാത്മക സ്പീക്കറാകും. ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് പുറത്താക്കിയതായി പ്രഖ്യാപിക്കുന്നതും പരിപാടിയുടെ ഭാഗമാണ്. ഇതേ വിഷയത്തിൽ നവംബർ ഒന്നിന് രാംലീല മൈതാനിയിൽ നടക്കുന്ന റാലിയിൽ രാഷ്ട്രീയ ഭേദമന്യേ ജനങ്ങൾ പങ്കെടുക്കണമെന്ന് രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തിട്ടുണ്ട്.

ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാനുള്ള പ്രതിപക്ഷത്തിന്റെ നീക്കം പാർലമെന്റിൽ ഒരുതവണ പരാജയപ്പെട്ടിരുന്നു. രണ്ടാമതായി നൽകിയ നോട്ടീസിൽ രാജ്യസഭയിൽ ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ല. ഇതോടെയാണ് പ്രതീകാത്മക പരസ്യ വിചാരണയുമായി പ്രതിപക്ഷം മുന്നോട്ടുപോകുന്നത്.

അശോക ഹോട്ടൽ, തൽക്കത്തോറ സ്റ്റേഡിയം, രാംലീല മൈതാനം എന്നിവിടങ്ങളിൽ പരിപാടിക്ക് അനുമതി നിഷേധിച്ചതോടെയാണ് മല്ലികാർജുൻ ഖാർഗെയുടെ വസതി പ്രതിഷേധത്തിന് വേദിയാക്കിയത്. ഇന്ന് ഉച്ചയ്ക്ക് ശേഷം 3.30-നാണ് പരസ്യ വിചാരണ ആരംഭിക്കുക.

മീരാ കുമാർ സ്പീക്കറാകുന്ന പ്രതീകാത്മക പാർലമെന്റിൽ, ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ അവതരിപ്പിക്കും. തുടർന്ന് എംപിമാരും വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതാക്കളും സംസാരിക്കും. വോട്ടർ പട്ടിക പരിഷ്‌കരണത്തെത്തുടർന്ന് വോട്ടവകാശം നഷ്ടമായവരെയും പരിപാടിയിൽ പങ്കെടുപ്പിച്ച് അവരുടെ അനുഭവങ്ങൾ അവതരിപ്പിക്കും. പൗരാവകാശ സംഘടനകളുടെ നേതാക്കളും സംസാരിക്കും. ഒടുവിൽ രാഹുൽ ഗാന്ധി മറുപടി പ്രസംഗം നടത്തും. തുടർന്ന് ഗ്യാനേഷ് കുമാറിനെ പുറത്താക്കിയതായി മീരാ കുമാർ പ്രതീകാത്മക വിധി പ്രഖ്യാപിക്കും.

പൊലീസിന്റെയും കേന്ദ്ര സേനയുടെയും നിരീക്ഷണത്തിലായിരിക്കും പ്രതിഷേധ പരിപാടി. നവംബർ ഒന്നിന് രാംലീല മൈതാനിയിൽ നടക്കുന്ന അടുത്ത ഘട്ട പ്രതിഷേധത്തിൽ പത്ത് ലക്ഷം പേർ പങ്കെടുക്കുമെന്നാണ് കോൺഗ്രസിന്റെ അവകാശവാദം. എന്നാൽ, ഡൽഹിയിലേക്ക് പ്രവർത്തകരുമായി എത്തുന്ന വാഹനങ്ങൾ തടഞ്ഞ് തിരിച്ചയക്കുകയാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു.

പൊലീസിനെയോ ലാത്തിച്ചാർജിനെയോ ഭയപ്പെടേണ്ടതില്ലെന്നും രാംലീല മൈതാനിയിലെ പ്രതിഷേധം ഒരു രാഷ്ട്രീയ പാർട്ടിയുടെ മാത്രം പോരാട്ടമല്ലെന്നും രാഹുൽ ഗാന്ധി ആഹ്വാനത്തിൽ വ്യക്തമാക്കി.

നവംബർ ഒന്നിലെ പ്രതിഷേധത്തിന് പിന്നാലെ പ്രതിപക്ഷ പാർട്ടികൾ പ്രത്യേകം പ്രതിഷേധ പരിപാടികൾ നടത്തും. ദീപാവലി ആഘോഷം നടക്കുന്ന ആഴ്ചയിൽ പ്രതിഷേധങ്ങൾക്ക് ഇടവേളയുണ്ടാകും. തുടർന്ന് ശൈത്യകാല സമ്മേളനത്തോടെ പാർലമെന്റിന് അകത്തും പുറത്തും പ്രതിഷേധം ശക്തമാക്കാനാണ് ഇന്ത്യാ സഖ്യത്തിന്റെ നീക്കം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!