Friday, October 30, 2026

ഡ്രൈവർ ഉറങ്ങിപ്പോയി: ദുബായിൽ ട്രക്ക് മെറ്റൽ ബാരിയറിലേക്ക് ഇടിച്ചുകയറി

ദുബായ്∙ എമിറേറ്റ്സ് റോഡിൽ (ഇ611) ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് നിയന്ത്രണം വിട്ട ട്രക്ക് മെറ്റൽ ബാരിയറിലേക്ക് ഇടിച്ചുകയറി അപകടം. ദുബായ് ഫ്ലൈ ഓവറിന് സമീപം അബുദാബി ഭാഗത്തേക്ക് പോവുകയായിരുന്ന ട്രക്കാണ് അപകടത്തിൽപ്പെട്ടത്. ക്ഷീണം കാരണം ഡ്രൈവർ ഉറങ്ങിപ്പോവുകയും വാഹനം റോഡിൽ നിന്ന് വശങ്ങളിലേക്ക് മാറി സുരക്ഷാ ബാരിയറിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു.

അപകടത്തിൽ നിസ്സാര പരുക്കേറ്റ ഡ്രൈവർക്ക് സംഭവസ്ഥലത്തുവച്ചുതന്നെ പ്രഥമശുശ്രൂഷ നൽകി. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. വാഹനം ഓടിക്കുമ്പോൾ ആവശ്യത്തിന് വിശ്രമം എടുക്കേണ്ടതിന്റെ പ്രാധാന്യം ഓർമിപ്പിക്കുന്നതാണ് ഈ സംഭവമെന്ന് ദുബായ് പൊലീസ് വ്യക്തമാക്കി. ക്ഷീണം ഡ്രൈവറുടെ ശ്രദ്ധയെയും പെട്ടെന്നുള്ള തീരുമാനങ്ങളെയും പ്രതികൂലമായി ബാധിക്കും.

വാഹനം ഓടിക്കുമ്പോൾ അനുഭവപ്പെടുന്ന ക്ഷീണവും ഉറക്കവും പെട്ടെന്നുള്ള പ്രതികരണശേഷിയെ മന്ദഗതിയിലാക്കുമെന്ന് ദുബായ് പൊലീസ് ട്രാഫിക് ജനറൽ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ബ്രി. ജുമാ സാലം ബിൻ സുവൈദാൻ മുന്നറിയിപ്പ് നൽകി. ഉയർന്ന വേഗത്തിൽ സഞ്ചരിക്കുമ്പോൾ നിമിഷനേരത്തേക്ക് ശ്രദ്ധ മാറിയാൽ പോലും വലിയ അപകടങ്ങൾക്ക് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നീണ്ട യാത്രകൾക്ക് മുൻപ് ആവശ്യത്തിന് ഉറക്കം ഉറപ്പാക്കണമെന്നും ഡ്രൈവിങ്ങിനിടയിൽ ക്ഷീണമോ ഉറക്കമോ അനുഭവപ്പെട്ടാൽ ഉടൻ തന്നെ വാഹനം സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി നിർത്തി വിശ്രമിക്കണമെന്നും പൊലീസ് ഓർമിപ്പിച്ചു. റോഡ് സുരക്ഷയും ഉത്തരവാദിത്തമുള്ള ഡ്രൈവിങ് രീതികളും പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച ‘അമാൻ റോഡ്സ്’ (www.amanroads.gov.ae) എന്ന ബോധവൽക്കരണ പ്ലാറ്റ്ഫോം ഡ്രൈവർമാർ പ്രയോജനപ്പെടുത്തണമെന്നും ദുബായ് പൊലീസ് അഭ്യർഥിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!