ഓട്ടവ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാനഡ സന്ദര്‍ശനത്തിന്റെ ഭാഗമായി ഡിസംബര്‍ 11-ന് ടൊറന്റോയില്‍ ഇന്ത്യന്‍ സമൂഹ സംഗമം സംഘടിപ്പിക്കുന്നു. ടൊറന്റോയിലെ പ്രമുഖ വേദിയില്‍ നടക്കുന്ന ഈ ആഘോഷ പരിപാടിയില്‍ മുപ്പതിനായിരത്തോളം ഇന്തോ-കാനഡക്കാര്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. ഇതിനായി വിവിധ കമ്മ്യൂണിറ്റി സംഘടനകള്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനായുള്ള പ്രത്യേക വെബ്സൈറ്റും പ്രമോഷണല്‍ ഫ്ലയറുകളും ഇതിനോടകം പുറത്തിറക്കിയിട്ടുണ്ട്.
ഡിസംബര്‍ 11, 12 തീയതികളിലായി നിശ്ചയിച്ചിരിക്കുന്ന സന്ദര്‍ശനത്തില്‍, പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുമായി ഓട്ടവയില്‍ വച്ച് മോദി നിര്‍ണായക ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. ഇതിനുപുറമേ കാനഡയിലെ പ്രമുഖ വ്യവസായ പ്രമുഖരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഓട്ടവയിലെയും ടൊറോന്റോയിലെയും പരിപാടികള്‍ക്ക് ശേഷം, ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി നരേന്ദ്രമോദി അമേരിക്കയിലെ മിയാമിയിലേക്ക് തിരിക്കും.

സന്ദര്‍ശന വേളയില്‍ ഇന്ത്യയും കാനഡയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (CEPA) സംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമേരിക്കയുമായുള്ള വ്യാപാര തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി, ഇന്ത്യയുമായുള്ള സാമ്പത്തിക പങ്കാളിത്തം വിപുലീകരിക്കാന്‍ കാനഡ വലിയ മുന്‍ഗണന നല്‍കുന്നുണ്ട്.
കാനഡ, അമേരിക്കന്‍ പര്യടനങ്ങള്‍ക്ക് ശേഷം ഡിസംബര്‍ 16-17 തീയതികളില്‍ മോദി ബ്രസ്സല്‍സ് സന്ദര്‍ശിച്ച് ഇന്ത്യ-യൂറോപ്യന്‍ യൂണിയന് സ്വതന്ത്ര വ്യാപാര കരാറിലും ഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, നയതന്ത്ര സൗഹൃദം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി 2027 ജനുവരിയിലെ ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയെ മുഖ്യാതിഥിയായി ക്ഷണിക്കാനും ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്.
