മണ്‍ട്രിയോള്‍: കാനഡ-ഇയു ഉച്ചകോടിക്ക് ശേഷം, യൂറോപ്യന്‍ യൂണിയനുമായി (EU) കൂടുതല്‍ അടുത്ത സഹകരണത്തിലേക്ക് നീങ്ങുന്നത് രാജ്യത്തിന് വലിയ സാമ്പത്തിക അഭിവൃദ്ധി നല്‍കുമെന്ന് കനേഡിയന്‍ അന്താരാഷ്ട്ര വ്യാപാര മന്ത്രി മനിന്ദര്‍ സിദ്ധു. എന്നാല്‍, യൂറോപ്യന്‍ യൂണിയന്റെ ‘അസോസിയേറ്റ് അംഗത്വം’ കാനഡയ്ക്ക് എത്രത്തോളം സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കൃത്യമായ മറുപടി നല്കാന് അദ്ദേഹം തയ്യാറായില്ല. യൂറോപ്പുമായുള്ള ബന്ധം ശക്തമാക്കിയില്ലെങ്കില്‍ വലിയൊരു അവസരമാണ് കാനഡയ്ക്ക് നഷ്ടമാകുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ അധ്യക്ഷതയില്‍ നടന്ന ഉച്ചകോടിയില്‍ യൂറോപ്യന്‍ കമ്മീഷന് പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍, യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവര്‍ പങ്കെടുത്തു. ഇരു കക്ഷികളും തമ്മില്‍ ‘ഭാവിയിലേക്കുള്ള സഖ്യം’ (Alliance for the future) പ്രഖ്യാപിക്കുകയും കാനഡയ്ക്ക് ‘അസോസിയേഷന് അംഗത്വം’ നല്‍കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ തുടരുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ ചില യൂറോപ്യന്‍ യൂണിയന് അംഗരാജ്യങ്ങള്‍ കാനഡയ്ക്ക് ‘അസോസിയേറ്റ് അംഗത്വം’ നല്കുന്നതില് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
സിടിവി ക്വസ്റ്റ്യന്‍ പീരിയഡ് (CTV Question Period) എന്ന പരിപാടിയില്‍ ആങ്കര്‍ വാസി കപെലോസ് ഉന്നയിച്ച ചോദ്യങ്ങള്‍ക്കാണ് മന്ത്രി പ്രതികരിച്ചത്. കാനഡയും യൂറോപ്പും തമ്മിലുള്ള സിഇടിഎ (CETA) കരാറിന് 10 വര്‍ഷം തികയുമ്പോഴും യൂറോപ്പിന്റെ ആകെ ഇറക്കുമതിയില്‍ കാനഡയുടെ വിഹിതം വെറും ഒരു ശതമാനം മാത്രമാണ്. ഈ സാഹചര്യത്തിലാണ് ഈ നീക്കത്തിന്റെ പ്രായോഗിക നേട്ടങ്ങളെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നത്.

യൂറോപ്യന്‍ യൂണിയന് കാനഡയുടെ രണ്ടാമത്തെ വലിയ കയറ്റുമതി വിപണിയാണെന്നും പ്രതിരോധം, ഊര്‍ജ്ജം, ഖനനം, ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ എന്നീ മേഖലകളില്‍ വലിയ വളര്‍ച്ചാ സാധ്യതയുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. യുഎസ് അല്ലാത്ത മറ്റ് രാജ്യങ്ങളിലേക്കുള്ള കാനഡയുടെ കയറ്റുമതി 300 ശതകോടി ഡോളറായി ഉയര്‍ത്തുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം, രാജ്യത്ത് നിലനില്‍ക്കുന്ന ജീവിതച്ചെലവ് പ്രതിസന്ധിയില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ലിബറല്‍ സര്‍ക്കാരിന്റെ ‘നാടകമാണ്’ ഈ ഉച്ചകോടിയെന്ന് കണ്‍സര്‍വേറ്റീവ് പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിച്ചു.
