മസ്കത്ത്: ഒമാനും ബ്രൂണെയും തമ്മില്‍ പരസ്പര വീസ ഇളവ് കരാറിലും വിവിധ മേഖലകളിലെ ധാരണാപത്രങ്ങളിലും ഒപ്പുവെച്ചു. ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ ബ്രൂണെ ഔദ്യോഗിക സന്ദര്‍ശനത്തിനിടെയാണ് സുപ്രധാന കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. ബ്രൂണെയിലെ ഇസ്താന നൂറുല്‍ ഈമാന്‍ കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖും ബ്രൂണെ സുല്‍ത്താന്‍ ഹാജി ഹസ്സനല്‍ ബോള്ക്കിയയും പങ്കെടുത്തു.
നയതന്ത്ര, പ്രത്യേക, സേവന, ഔദ്യോഗിക പാസ്പോര്ട്ടുകള് കൈവശമുള്ളവര്‍ക്ക് പരസ്പര വിസ ഇളവ് നല്‍കുന്നതാണ് പ്രധാന കരാര്‍. ഇതിനുപുറമേ തൊഴില്‍, മാനവ വിഭവശേഷി വികസനം, ആരോഗ്യം, സാമ്പത്തികം, തന്ത്രപരമായ ആസൂത്രണം, കൃഷി, മത്സ്യബന്ധനം എന്നീ മേഖലകളിലെ സഹകരണത്തിനായുള്ള ധാരണാപത്രങ്ങളിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.

ഒമാനും ബ്രൂണെയും തമ്മിലുള്ള വ്യാപാര-നിക്ഷേപ സഹകരണം കൂടുതല്‍ വിപുലീകരിക്കണമെന്ന് ചര്‍ച്ചയ്ക്കിടെ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് വ്യക്തമാക്കി. നിലവില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം യഥാര്‍ഥ ശേഷിയിലേക്ക് എത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം എണ്ണ-പ്രകൃതിവാതകം, പുനരുപയോഗ ഊര്‍ജം, ഭക്ഷ്യസുരക്ഷ, സമുദ്രഗതാഗതം, ലോജിസ്റ്റിക്സ് എന്നീ മേഖലകളില്‍ പങ്കാളിത്തം ശക്തമാക്കാന്‍ ആഹ്വാനം ചെയ്തു.
വിശാലമായ ഏഷ്യന്‍ വിപണികളിലേക്കുള്ള തന്ത്രപ്രധാനമായ കവാടമായാണ് ഒമാന്‍ ബ്രൂണെയെ കാണുന്നതെന്നും, ഗള്‍ഫ് മേഖലയെയും മിഡില്‍ ഈസ്റ്റിനെയും ആഫ്രിക്കയെയും ബന്ധിപ്പിക്കുന്ന ഒമാന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം ബ്രൂണെയ്ക്കും വലിയ പ്രയോജനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബ്രൂണെ രാജകുടുംബാംഗങ്ങളും ഒമാന്‍ ഔദ്യോഗിക പ്രതിനിധി സംഘവും ഉഭയകക്ഷി ചര്‍ച്ചകളില്‍ പങ്കെടുത്തു.
