വാഷിങ്ടൺ:അമേരിക്കൻ ജനതയ്ക്ക് തന്നെ മടുത്താൽ ഇസ്രയേലിലേക്ക് താമസം മാറി അവിടുത്തെ പ്രധാനമന്ത്രിയാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പ് ദിനത്തിൽ ഫോക്സ് ന്യൂസിന്റെ ‘ഫോക്സ് ആൻഡ് ഫ്രണ്ട്സ്’ പരിപാടിയിൽ സംസാരിക്കവെയാണ് ട്രംപിന്റെ തമാശരൂപത്തിലുള്ള പരാമർശം.
ഇസ്രയേലിൽ തനിക്ക് 99 ശതമാനം ജനപിന്തുണയുണ്ടെന്നാണ് ട്രംപിന്റെ അവകാശവാദം. “ഇസ്രയേലിൽ എനിക്ക് 99 ശതമാനം പിന്തുണയുണ്ട്. വിശ്വസിക്കാൻ കഴിയുന്നുണ്ടോ? അമേരിക്കക്കാർക്ക് എന്നെ എപ്പോഴെങ്കിലും മടുത്താൽ ഞാൻ ഇസ്രയേലിലേക്ക് മാറി അവിടുത്തെ പ്രധാനമന്ത്രിയാകും” എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
ഇസ്രയേലിന് അമേരിക്ക നൽകിവരുന്ന പ്രതിവർഷ സാമ്പത്തിക സഹായം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ധാരണയിലെത്തിയെന്നും ട്രംപ് വെളിപ്പെടുത്തി. പ്രതിവർഷം ഏകദേശം നാല് ബില്യൺ ഡോളറിന്റെ സഹായം ഈ വർഷം അവസാനത്തോടെ നിർത്തുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം.
“നെതന്യാഹുവും ഞാനും മാസങ്ങൾക്ക് മുമ്പ് ഇക്കാര്യത്തിൽ ധാരണയിലെത്തിയിരുന്നു. ഇസ്രയേൽ ഇപ്പോൾ സാമ്പത്തികമായി ശക്തമാണ്. അവർക്ക് ഈ സഹായം ആവശ്യമില്ല. ആവശ്യമുണ്ടെങ്കിൽ അമേരിക്ക സഹായിക്കും” എന്നായിരുന്നു ട്രംപിന്റെ വിശദീകരണം.

എന്നാൽ സഹായം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്രയേൽ സർക്കാരിന്റെ ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല. നിലവിലുള്ള ധാരണപ്രകാരം 2028 വരെ പ്രതിവർഷം 3.8 ബില്യൺ ഡോളറിന്റെ സൈനിക സഹായം നൽകാനാണ് അമേരിക്ക തീരുമാനിച്ചിട്ടുള്ളത്. ഈ കരാറിൽ മാറ്റം വരുത്തുന്നതെങ്ങനെ എന്ന കാര്യത്തിലും വ്യക്തതയില്ല.
അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ ഇസ്രയേലിനുള്ള സാമ്പത്തിക സഹായം പ്രധാന ചർച്ചാവിഷയമായിരുന്നു. ഇസ്രയേലിന് നൽകുന്ന സഹായത്തെ വിമർശിച്ച് ഡെമോക്രാറ്റിക് സ്ഥാനാർഥികൾ രംഗത്തെത്തിയിരുന്നു. മിഷിഗണിലെ ഡെമോക്രാറ്റിക് സ്ഥാനാർഥി അബ്ദുൽ എൽ സയീദിന്റെ വിമർശനവും ട്രംപ് അഭിമുഖത്തിൽ പരാമർശിച്ചു.
ഇസ്രയേലിന് നൽകുന്ന സാമ്പത്തിക സഹായം റിപ്പബ്ലിക്കൻ പാർട്ടിക്കെതിരെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കപ്പെടുന്നത് ഒഴിവാക്കേണ്ടതുണ്ടെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
അതേസമയം യുഎസ്. ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് തരംഗമാണ് കാണുന്നത്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പാർട്ടിയായ റിപ്പബ്ലിക്കൻസിനെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും മറികടന്ന് ഡെമോക്രാറ്റുകൾ വൻമുന്നേറ്റമാണ് കാഴ്ച്ചവെക്കുന്നത്. സെനറ്റിന്റേയും ജനപ്രതിനിധി സഭയുടേയും നിയന്ത്രണം ഡെമോക്രാറ്റിക് പാർട്ടിയുടെ അധീനതയിൽ വരുമെന്ന് ഉറപ്പായിക്കഴിഞ്ഞു. നിർണായക മണ്ഡലമായ മിഷിഗണിൽ അബ്ദുൽ അൽ സഈദ് മുന്നിലാണ്. സഈദിനെ തോല്പ്പിക്കാന് ട്രംപ് ഇവിടെ ഏറെ പരിശ്രമിച്ചിരുന്നു.
