Friday, November 6, 2026

മിനി കൂപ്പര്‍ വാഹനാപകടക്കേസ്: സുഹൈലിന് ജാമ്യമില്ല

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി മിനി കൂപ്പര്‍ വാഹനാപകടക്കേസിലെ ഒന്നാംപ്രതി സുഹൈല്‍ സജീവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസില്‍ ഉള്‍പ്പെട്ട മറ്റ് മൂന്ന് പ്രതികള്‍ക്ക് ഇന്ന് തന്നെ ജാമ്യം നല്‍കുമെന്നും സുഹൈലിന് പത്ത് ദിവസത്തിന് ശേഷം മാത്രമേ ജാമ്യം അനുവദിക്കൂ എന്നും കോടതി വ്യക്തമാക്കി. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ച ശേഷമാണ് ഹൈക്കോടതിയുടെ ഈ നിര്‍ണായക ഉത്തരവ്.

നെടുമ്പാശ്ശേരിയില്‍ നടന്ന മിനി കൂപ്പര്‍ അപകടം ഏറെ ദൗര്‍ഭാഗ്യകരമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കേസില്‍ എല്ലാ തെളിവുകളും ശേഖരിച്ച കാര്യം ചൂണ്ടിക്കാട്ടിയ കോടതി, പൊതുബോധത്തിന് അനുസരിച്ച് തീരുമാനമെടുക്കാനാവില്ലെന്നും നിയമവും കൃത്യമായ നടപടിക്രമങ്ങളും നോക്കിയാണ് വിധിയെന്നും വ്യക്തമാക്കി. അതേസമയം, കേസില്‍ ഇനിയും തെളിവുകള്‍ ശേഖരിക്കാനുണ്ടെന്നും രണ്ടാഴ്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാക്കാമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

അപകടസമയത്ത് വാഹനം കടുത്ത അമിതവേഗതയിലായിരുന്നുവെന്ന് ശരിവെക്കുന്ന ഇ.ഡി.ആര്‍ (EDR) പരിശോധനാഫലം ഇന്നലെ പുറത്തുവന്നിരുന്നു. അപകടത്തിന് അഞ്ച് സെക്കന്‍ഡ് മുന്‍പ് കാറിന്റെ വേഗത മണിക്കൂറില്‍ 162 കിലോമീറ്ററായിരുന്നുവെന്നും, വെറും 11 സെക്കന്‍ഡ് കൊണ്ടാണ് വാഹനം 500 മീറ്റര്‍ ദൂരം സഞ്ചരിച്ചതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ബി.എം.ഡബ്ല്യു കമ്പനി അന്വേഷണസംഘത്തിന് കൈമാറിയ സാങ്കേതിക റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപമുള്ള ചായക്കടയില്‍ നിന്ന് ചായ കുടിച്ച ശേഷം അത്താണി ഭാഗത്തേക്ക് സ്‌കൂട്ടറില്‍ പോകുകയായിരുന്ന മൂന്നുപേരാണ് മിനി കൂപ്പര്‍ ഇടിച്ചുണ്ടായ ദുരന്തത്തില്‍ മരിച്ചത്. ഇയ്യാസ്, ദേവിക, ഗോപിക എന്നിവരാണ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടത്. അമിതവേഗതയിലെത്തിയ മിനി കൂപ്പര്‍ ഇവരുടെ സ്‌കൂട്ടറിന് പിന്നില്‍ ശക്തിയായി ഇടിക്കുകയായിരുന്നു. ഒന്നാംപ്രതി സുഹൈലിനെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തിയാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!