സൗദിയുടെ വിവിധ ഭാഗങ്ങള്‍ ലക്ഷ്യമിട്ട് ഹൂതികള്‍ നടത്തിയ വന്‍ ആക്രമണ നീക്കങ്ങള്‍ സൗദി സഖ്യസേന വിജയകരമായി തകര്‍ത്തു. റിയാദ്, കിഴക്കന്‍ പ്രവിശ്യ, തെക്കന്‍ മേഖല എന്നിവിടങ്ങളിലേക്ക് തൊടുത്ത 3 ബാലിസ്റ്റിക് മിസൈലുകള്‍, 2 ക്രൂയിസ് മിസൈലുകള്‍, 1 ഡ്രോണ്‍ എന്നിവയാണ് സുരക്ഷാ സേന തകര്‍ത്തത്.
ഇന്ന് പുലര്‍ച്ചെ കിഴക്കന്‍ മേഖല ലക്ഷ്യമാക്കിയെത്തിയ ബാലിസ്റ്റിക് മിസൈല്‍ സഖ്യസേന ആദ്യം വീഴ്ത്തി. തുടര്‍ന്ന് റിയാദ് ലക്ഷ്യമാക്കിയെത്തിയ രണ്ട് ബാലിസ്റ്റിക് മിസൈലുകളും രണ്ട് ക്രൂയിസ് മിസൈലുകളും പ്രതിരോധിക്കുകയായിരുന്നു. ആക്രമണങ്ങളില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സഖ്യസേനാ വക്താവ് തുര്‍ക്കി അല്‍-മാലകി സ്ഥിരീകരിച്ചു.

മിസൈല്‍ ഭീഷണിയെ തുടര്‍ന്ന് റിയാദിലും, തന്ത്രപ്രധാന എണ്ണശാലകളും സൈനിക താവളങ്ങളും സ്ഥിതിചെയ്യുന്ന ദമ്മാം, ദഹ്റാന്‍, ബുഖൈഖ്, ഹുഫൂഫ്, അല്‍ ഹസ, ജിസാന്‍, നജ്റാന് തുടങ്ങിയ നഗരങ്ങളിലും നാഷണല്‍ എര്‍ലി വാണിംഗ് സിസ്റ്റം വഴി സിവില്‍ ഡിഫന്‍സ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. ജനങ്ങള്‍ പരിഭ്രാന്തരാകാതെ സുരക്ഷിത സ്ഥാനങ്ങളില്‍ തുടരണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.
അതേസമയം, യെമനില്‍ ഹൂതികള്‍ക്കെതിരെ യെമന്‍ സര്‍ക്കാര്‍ സേന ‘ഫജര്‍ യെമന്‍’ എന്ന പേരില്‍ ശക്തമായ സൈനിക നടപടി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്ന 875 ആക്രമണങ്ങളില്‍ 130 ഓളം ഹൂതി പോരാളികളും കമാന്‍ഡര്‍മാരും കൊല്ലപ്പെടുകയും മിസൈല്‍ ലോഞ്ചറുകള്‍ ഉള്‍പ്പെടെ 50 സൈനിക വാഹനങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്തു. ഇതിനിടെ, സിറിയന്‍ സൈന്യത്തെ യെമന്‍ അതിര്‍ത്തിയിലേക്ക് അയക്കുന്നുവെന്ന വാര്‍ത്തകള്‍ സിറിയന്‍ നയതന്ത്ര വൃത്തങ്ങള്‍ തള്ളി. സൗദിയുമായുള്ള സഹകരണം സൈനിക പരിശീലനത്തിലും കൂടിയാലോചനകളിലും മാത്രമായി ഒതുങ്ങുന്നതാണെന്ന് സിറിയ വ്യക്തമാക്കി.
