വന്‍കൂവര്‍: ആല്‍ബര്‍ട്ടയിലെ മിലിട്ടറി ബേസിലുണ്ടായ തീപിടുത്തത്തില്‍ കൊല്ലപ്പെട്ട നാല് കനേഡിയന്‍ സൈനികരില്‍ ഒരാളായ പ്രൈവറ്റ് എയ്ഡന്‍ ഗൗള്ഡിങിന്റെ (23) സംസ്കാരം ഇന്ന്. വന്‍കൂവറിലെ സീഫോര്‍ത്ത് ആര്‍മറിയില്‍ നടക്കുന്ന ചടങ്ങില്‍ ബന്ധുക്കളും സുഹൃത്തുക്കളും സൈനിക ഉദ്യോഗസ്ഥരും അന്ത്യോപചാരം അര്‍പ്പിക്കും.
കനേഡിയന്‍ ഫോഴ്സസ് ബേസ് വെയിന്റൈറ്റിലെ ഗ്രനേഡ് റേഞ്ചിന് സമീപം വെടിവെപ്പ് പരിശീലനം (Live-fire training exercise) നടക്കുന്നതിനിടെ പടര്‍ന്നുപിടിച്ച കാട്ടുതീ ട്രെയിനിങ് ഏരിയയിലേക്ക് കടന്നുകയറിയാണ് അപകടമുണ്ടായത്. 3-ാം ബറ്റാലിയന് പ്രിന്‍സസ് പട്രീഷ്യസ് കനേഡിയന്‍ ലൈറ്റ് ഇന്ഫന്ട്രിയുടെ ഭാഗമായിരുന്നു പ്രൈവറ്റ് ഗൗള്‍ഡിംഗ്.

ഒക്ടോബര്‍ 17-നുണ്ടായ ഈ ദാരുണാപകടത്തില്‍ പ്രൈവറ്റ് ഷോണ്‍ ഫാരെല്‍ (23, പ്രിന്‍സ് ആല്‍ബര്‍ട്ട്), പ്രൈവറ്റ് ഹൈഡന് ലൈക്ക്മാര്ക്ക് (19, ലാംഗ്ലി), സാരംഗ് മോര്ഗന് വോങ് (26, എഡ്മണ്ടന്) എന്നീ സൈനികരും വീരമൃത്യു വരിച്ചു. അപകടത്തില്‍ 39 സൈനികര്‍ക്ക് പരുക്കേറ്റു.
