ഓന്റാരിയോ: ഓന്റാരിയോയില്‍ ഡെന്റല്‍ ഹൈജീനിസ്റ്റുകള്‍ക്കും അസിസ്റ്റന്റുമാര്‍ക്കും പരിശീലനം നല്‍കുന്ന പ്രമുഖ സ്വകാര്യ സ്ഥാപനമായ ‘സതേണ്‍ ഓന്റാരിയോ ഡെന്റല്‍ കോളേജ്’ അടച്ചുപൂട്ട ഭീഷണിയില്‍. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള വിദ്യാര്‍ത്ഥി സാമ്പത്തിക സഹായ പദ്ധതി (OSAP) പ്രവിശ്യാ സര്‍ക്കാര്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതാണ് സ്ഥാപനത്തെയും നൂറുകണക്കിന് വിദ്യാര്‍ത്ഥികളെയും പ്രതിസന്ധിയിലാക്കിയത്.
മേഖലയില്‍ നടന്ന വ്യാപക ഓഡിറ്റിംഗില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കഴിഞ്ഞ മാസം ഉന്നതവിദ്യാഭ്യാസ മന്ത്രാലയം ഒസാപ്പ് (OSAP) ഫണ്ട് തടഞ്ഞത്. കൊമേഴ്സ്യല്‍ ഹാമില്‍ട്ടണില്‍ പ്രവര്‍ത്തിക്കുന്ന ഈ കോളേജിലെ ഭൂരിഭാഗം വിദ്യാര്‍ത്ഥികളും വന്‍തുക ട്യൂഷന്‍ ഫീസ് അടയ്ക്കാന്‍ ഈ ധനസഹായത്തെയാണ് ആശ്രയിച്ചിരുന്നത്.

ഡിസംബറിനുള്ളില്‍ ബദല്‍ ഫണ്ടുകള്‍ ലഭിച്ചില്ലെങ്കില്‍ കോളേജ് അടച്ചുപൂട്ടേണ്ടി വരുമെന്ന് സീനിയര്‍ അധികൃതര്‍ വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ക്യാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥികള്‍ പരസ്പരം സഹായിക്കാന്‍ ഫുഡ് ബാങ്ക് വരെ ആരംഭിച്ചിട്ടുണ്ട്. അതേസമയം പ്രശ്‌ന പരിഹാരത്തിനായി ബാങ്കുകള്‍ വഴി കുറഞ്ഞ പലിശയില്‍ വായ്പ ലഭ്യമാക്കാനുള്ള ശ്രമങ്ങളിലാണ് സര്‍ക്കാരെന്നാണ് ഔദ്യോഗിക വിശദീകരണം.
