ടൊറന്റോ: കുട്ടികളെ ഓണ്‍ലൈനിലൂടെ ലൈംഗികമായി ചൂഷണം ചെയ്യുകയും ദൃശ്യങ്ങള്‍ നിര്‍മ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ഒന്റാരിയോയില്‍ 17 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ടൊറന്റോയില്‍ നിന്നുള്ള മൂന്നുപേര്‍ ഉള്‍പ്പെടെയുള്ള സംഘത്തിനെതിരെ ആകെ 55 കേസുകളാണ് ചുമത്തിയിരിക്കുന്നത്. ‘പ്രൊജക്റ്റ് ബ്രേസ്’ (Project Brace) എന്ന പേരില്‍ ഓന്റാരിയോ പ്രൊവിന്‍ഷ്യല്‍ പോലീസിന്റെയും (OPP) ടൊറന്റോ പോലീസ് ഉള്‍പ്പെടെ 15 പോലീസ് വിഭാഗങ്ങളുടെയും കൂട്ടായ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.
ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള് കേന്ദ്രീകരിച്ച് കുട്ടികളെ ലക്ഷ്യമിടുന്ന കുറ്റവാളികളെ കണ്ടെത്തുന്നതിനായി നടത്തിയ തിരച്ചിലിലാണ് പ്രതികള്‍ വലയിലായത്. കുട്ടികളുടെ ലൈംഗിക പീഡന ദൃശ്യങ്ങള്‍ കൈവശം വെക്കുക, നിര്‍മ്മിക്കുക, പ്രചരിപ്പിക്കുക തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളില്‍ പങ്കാളികളായവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

നിലവില്‍ നേരിട്ട് ഇരകളായ കുട്ടികളെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും ഇതിന്റെ ഭാഗമായി 23 കേസുകളില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് OPP വ്യക്തമാക്കി. സോഷ്യല്‍ മീഡിയ, ഗെയിമിങ് ആപ്പുകള്‍, മെസ്സേജിങ് പ്ലാറ്റ്ഫോമുകള് എന്നിവ വഴി കുട്ടികളെ കബളിപ്പിച്ച് കുരുക്കുന്ന സംഭവങ്ങള്‍ സമീപകാലത്തായി വര്‍ധിച്ചുവരികയാണെന്ന് പോലീസ് വക്താക്കള്‍ മുന്നറിയിപ്പ് നല്കി.
