ബീജിങ്: ചൈനയിലെ വടക്കന്‍ പ്രവിശ്യയായ ഷാന്ക്സിയുടെ തലസ്ഥാനമായ തായ്യുവാന്‍ നഗരത്തില്‍ ബഹുനില കെട്ടിടത്തിലുണ്ടായ വന്‍ തീപിടുത്തത്തില്‍ 14 പേര് മരിച്ചു. അപകടത്തില്‍ പരിക്കേറ്റ 25 പേര് നിലവില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരില്‍ ഒന്‍പത് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് പ്രാദേശിക അധികൃതര്‍ വ്യക്തമാക്കി.
നഗരമധ്യത്തിലെ 40 നിലകളുള്ള വാണിജ്യ-വാസയോഗ്യ സമുച്ചയത്തിലാണ് അപകടമുണ്ടായത്. കെട്ടിടത്തിന്റെ നാലാം നിലയില്‍ ആരംഭിച്ച തീ അതിവേഗം ഒന്‍പതാം നില വരെ പടരുകയായിരുന്നു. ഹോട്ടലുകള്‍, വാടക അപ്പാര്‍ട്ട്മെന്റുകള്‍, ട്യൂഷന് സെന്ററുകള്‍, മറ്റ് ചെറു സ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമായതിനാല്‍ വന്‍ ദുരന്തത്തിനാണ് നഗരം സാക്ഷ്യം വഹിച്ചത്.

അഗ്നിരക്ഷാ സേനയുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് രണ്ട് മണിക്കൂറിനുള്ളില്‍ തീ പൂര്‍ണ്ണമായി അണയ്ക്കാനായി. ഞായറാഴ്ച രാത്രി എട്ടരയോടെ രക്ഷാപ്രവര്‍ത്തനം അവസാനിച്ചതായും, ആകെ 38 പേരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നതായും അധികൃതര്‍ അറിയിച്ചു. തീപിടുത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനായി വിദഗ്ധ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
