എഡ്മിന്റൻ: നാല് സൈനികരുടെ ജീവനെടുത്ത തീപിടിത്ത ദുരന്തത്തിന്റെ വേദനയിൽ ആൽബർട്ടയിലെ വെയ്ൻറൈറ്റ് പട്ടണം ഇത്തവണ അനുസ്മരണദിനത്തിന് ഒരുങ്ങുന്നു. ഒക്ടോബർ 17ന് കനേഡിയൻ സൈനിക താവളമായ സി.എഫ്.ബി വെയ്ൻറൈറ്റിലുണ്ടായ തീപിടിത്തത്തിൽ നാല് സൈനികർ കൊല്ലപ്പെടുകയും 39 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. പരുക്കേറ്റവരിൽ 25 പേർ ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിത്സയിലാണെന്ന് അധികൃതർ അറിയിച്ചു.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ അനുസ്മരണദിനം ഏറെ വേദനിപ്പിക്കുന്നതെന്ന് വെയ്ൻറൈറ്റ് മേയർ ബ്രൂസ് പ്യൂഗ് പറഞ്ഞു. സൈനികരും നാട്ടുകാരും തമ്മിൽ അടുത്ത ബന്ധമുള്ള പ്രദേശമാണ് വെയ്ൻറൈറ്റ്. ഇവിടെ സൈനിക സമൂഹം ഒരു വലിയ കുടുംബം പോലെയാണെന്നും സംഭവത്തിന്റെ ആഘാതം ദീർഘകാലം നിലനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച നടക്കുന്ന വാർഷിക അനുസ്മരണച്ചടങ്ങിൽ നൂറുകണക്കിന് സൈനികരും നാട്ടുകാരും വിശിഷ്ടാതിഥികളും പങ്കെടുക്കും. പ്രാദേശിക ഐസ് റിങ്കിലാണ് പ്രധാന ചടങ്ങ് നടക്കുക. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളിൽ കൊല്ലപ്പെട്ട കനേഡിയൻ സൈനികരുടെ ഓർമയ്ക്കായി നഗരമധ്യത്തിലെ ക്ലോക്ക് ടവറിൽ പുഷ്പചക്രങ്ങളും പൂക്കളും അർപ്പിക്കും.
പരിശീലനത്തിനിടെ തീപിടിത്തം; നാല് സൈനികർ മരിച്ചു
സൈനിക താവളത്തിൽ നടന്ന പരിശീലനത്തിനിടെയാണ് ദുരന്തമുണ്ടായത്. പ്രിൻസസ് പട്രീഷ്യയുടെ കനേഡിയൻ ലൈറ്റ് ഇൻഫൻട്രിയിലെ 84ഓളം സൈനികർ ഫീൽഡ് പരിശീലനത്തിൽ പങ്കെടുക്കുകയായിരുന്നു. അപ്രതീക്ഷിതമായി വീശിയ ശക്തമായ കാറ്റ് പുൽമേട്ടിലെ തീ ആളിപ്പടരാൻ കാരണമായി. തീ സൈനികരുടെ ദിശയിലേക്ക് പടർന്നതോടെയാണ് അപകടമുണ്ടായത്.
കൊല്ലപ്പെട്ടവർ സാർജന്റ് മോർഗൻ വോങ് (26), പ്രൈവറ്റ് ഷോൺ ഫാരൽ (23), പ്രൈവറ്റ് എയ്ഡൻ ഗൗൾഡിങ് (23), പ്രൈവറ്റ് ഹെയ്ഡൻ ലൈക്ക്മാർക്ക് (19) എന്നിവരാണ്. വിവിധ പ്രദേശങ്ങളിൽനിന്നുള്ള സൈനികരായിരുന്നു ഇവർ.
പരുക്കേറ്റവരിൽ ലോയൽ എഡ്മിന്റൻ റെജിമെന്റിലെ 24കാരനായ കോർപ്പറൽ ഷോൺ ഹിയാറ്റും ഉൾപ്പെടുന്നു. സി.എൻ റെയിൽവേയിൽ ട്രാക്ക് മെയിന്റനൻസ് സൂപ്പർവൈസറായും അദ്ദേഹം ജോലി ചെയ്തിരുന്നു. അനുസ്മരണച്ചടങ്ങിന്റെ ഭാഗമായി വെയ്ൻറൈറ്റ് അരീനയ്ക്ക് സമീപം ലോക്കോമോട്ടീവുകൾ എത്തിക്കുമെന്ന് റെയിൽവേ അറിയിച്ചു.

സൈനിക കുടുംബങ്ങൾക്കൊപ്പം നാട്ടുകാരും
ഏകദേശം 7,000 പേർ താമസിക്കുന്ന വെയ്ൻറൈറ്റ് പട്ടണം എഡ്മിന്റനിൽനിന്ന് 210 കിലോമീറ്റർ തെക്കുകിഴക്കായാണ് സ്ഥിതി ചെയ്യുന്നത്. കാനഡയിലെ തിരക്കേറിയ സൈനിക താവളങ്ങളിലൊന്നായ സി.എഫ്.ബി വെയ്ൻറൈറ്റ് ഇവിടെയാണ്. സൈനിക കുടുംബങ്ങൾ പട്ടണത്തിന്റെ സാമൂഹിക ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്. അവരുടെ കുട്ടികൾ പ്രാദേശിക സ്കൂളുകളിലും ഹോക്കി ടീമുകളിലും സജീവമാണ്.
മൂന്ന് അന്വേഷണങ്ങൾ പുരോഗമിക്കുന്നു
സമാധാനകാലത്ത് കാനഡയുടെ മണ്ണിലുണ്ടായ സൈനിക ദുരന്തങ്ങളിൽ ഏറ്റവും ഗുരുതരമായ സംഭവങ്ങളിലൊന്നായാണ് പ്രധാനമന്ത്രി മാർക്ക് കാർണി ഇതിനെ വിശേഷിപ്പിച്ചത്. അപകടത്തിന്റെ കാരണങ്ങളും സാഹചര്യങ്ങളും പരിശോധിക്കാൻ മൂന്ന് അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്.
ദുരന്തത്തിൽ ബാധിക്കപ്പെട്ട സൈനികർക്കും അവരുടെ കുടുംബങ്ങൾക്കും സഹായമായി രണ്ട് വർഷത്തിനിടെ 25 മില്യൺ കനേഡിയൻ ഡോളർ അനുവദിക്കുമെന്ന് ഫെഡറൽ ബജറ്റിൽ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വലിയ വില നൽകേണ്ടിവരുന്നുണ്ടെന്നും അതിനായി ത്യാഗം ചെയ്യുന്ന സൈനികർ പരമാവധി ആദരവ് അർഹിക്കുന്നുവെന്നും മേയർ ബ്രൂസ് പ്യൂഗ് പറഞ്ഞു. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട സൈനികരെ ആദരിച്ചും പരുക്കേറ്റവർക്കും അവരുടെ കുടുംബങ്ങൾക്കും പിന്തുണ പ്രഖ്യാപിച്ചുമായിരിക്കും വെയ്ൻറൈറ്റ് ഇത്തവണ അനുസ്മരണദിനം ആചരിക്കുക.
