തിരുവനന്തപുരം: യുഡിഎഫിലെ അഭിപ്രായവ്യത്യാസങ്ങളില്‍ വീണ്ടും അതൃപ്തി പരസ്യമാക്കി കണ്‍വീനര്‍ അടൂര്‍ പ്രകാശ്. യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടാണെന്ന് ചെയര്‍മാനോടാണ് ചോദിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ അഭിപ്രായങ്ങള്‍ തുറന്നുപറയുക മാത്രമാണ് ചെയ്തതെന്നും നേരത്തെ പറഞ്ഞ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി.
യുഡിഎഫ് കണ്‍വീനര്‍ എന്ന നിലയില്‍ എല്ലാ കാര്യങ്ങളും തന്നെ അറിയിക്കണമെന്നില്ലെന്നും മന്ത്രിസഭാ തീരുമാനങ്ങള്‍ അറിയിക്കേണ്ട ബാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്ന പ്രതികരണത്തിലും അടൂര്‍ പ്രകാശ് നിലപാട് വ്യക്തമാക്കി. അത് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും മന്ത്രി എന്ന നിലയിലായിരിക്കാം അത്തരമൊരു അഭിപ്രായം പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മന്ത്രിസഭയില്‍ കൂട്ടുത്തരവാദിത്തം നിലനില്‍ക്കുന്നുണ്ടെന്നതിന്റെ തെളിവാണ് ഇപ്പോള്‍ പുറത്തുവരുന്ന സംഭവങ്ങളെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. ബോര്‍ഡ്, കോര്പ്പറേഷന് അധ്യക്ഷ സ്ഥാനങ്ങളിലെ നിയമനവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ വേഗത്തില്‍ ഉണ്ടാകണമെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
കെപിസിസി അധ്യക്ഷനായി മന്ത്രിസഭയിലുള്ള ആരെങ്കിലും വരുമോയെന്ന കാര്യത്തില്‍ തനിക്ക് അറിവില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. അധ്യക്ഷനെ സംബന്ധിച്ച തീരുമാനം ഉടന്‍ ഉണ്ടാകണമെന്നാണ് തന്റെ അഭിപ്രായം. എന്നാല്‍ തീരുമാനം എപ്പോള്‍ ഉണ്ടാകുമെന്ന് പറയാന്‍ താന്‍ അനുയോജ്യനായ ആളല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആരെങ്കിലും ഒരാള്‍ അധ്യക്ഷനായി വരട്ടെയെന്നും ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു.
