ഓട്ടവ: ബ്രാംപ്റ്റണിലുള്ള സ്റ്റെല്ലാന്റിസ് കാര്‍ അസംബ്ലി പ്ലാന്റ് ആര്‍മഡ് വാഹനം നിര്‍മ്മിക്കുന്ന റോഷലിന് (Roshel) വില്‍ക്കാനുള്ള കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഫെഡറല്‍ സര്‍ക്കാര്‍ സജീവമായി പങ്കെടുത്തിരുന്നതായി വെളിപ്പെടുത്തല്‍. തര്‍ക്കവിഷയമായ ഈ കരാറിനെ സര്‍ക്കാര്‍ സ്വകാര്യ ചര്‍ച്ചകളില്‍ എതിര്‍ത്തിരുന്നില്ലെന്നും വിഷയം അടുത്ത് അറിയാവുന്ന മൂന്ന് ഉന്നത സ്രോതസ്സുകള്‍ വ്യക്തമാക്കുന്നു.
എന്നാല്‍, കഴിഞ്ഞ ഏതാനും മാസങ്ങളായി ഇരു കമ്പനികളുമായും സര്‍ക്കാര്‍ പ്രതിനിധികള്‍ ഡസനിലധികം യോഗങ്ങള്‍ നടത്തുകയും കരാറിന്റെ വിശദാംശങ്ങള്‍ മനസ്സിലാക്കുകയും ചെയ്തിരുന്നതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ആദ്യഘട്ടത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും പിന്നീട് സര്‍ക്കാര്‍ വിലക്കുകളൊന്നും ഏര്‍പ്പെടുത്തിയില്ല. അതിനാല്‍, കരാറിന് ശേഷം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ പരസ്യമായ രോഷം പങ്കെടുത്തവരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

2023 മുതല്‍ പ്രവര്‍ത്തനം നിലയ്ക്കുകയും 2,200-ലധികം ജീവനക്കാര്‍ ലേ-ഓഫ് ആനുകൂല്യങ്ങളില്‍ കഴിയുകയും ചെയ്യുന്ന ബ്രാംപ്റ്റണ്‍ പ്ലാന്റ് കനേഡിയന്‍ ആര്‍മഡ് വാഹന നിര്‍മ്മാതാക്കളായ റോഷലിന് വിറ്റതായി കഴിഞ്ഞ തിങ്കളാഴ്ചയാണ് സ്റ്റെല്ലാന്റിസ് പ്രഖ്യാപിച്ചത്. ഓട്ടോമൊബൈല്‍, പ്രതിരോധ മേഖലകളിലെ നിര്‍മ്മാണങ്ങള്‍ക്കായി പ്ലാന്റ് പുനഃക്രമീകരിക്കുമെന്നും തൊഴിലാളികളെ വീണ്ടും നിയമിക്കുന്നതില്‍ മുന്‍ഗണന നല്‍കുമെന്നും റോഷല്‍ അറിയിച്ചെങ്കിലും എത്ര പേര്‍ക്ക് ജോലി ലഭിക്കുമെന്നതില്‍ വ്യക്തത വരുത്തിയിട്ടില്ല.
എന്നാല്‍, ഈ വാദങ്ങള്‍ തള്ളിക്കളഞ്ഞ സര്‍ക്കാര്‍ വൃത്തങ്ങള്‍, സ്റ്റെല്ലാന്റിസ് സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളിലൊന്നും തൃപ്തരല്ലെന്ന് അറിയിച്ചിരുന്നുവെന്ന് വ്യക്തമാക്കി. 2022-ലെ ധനസഹായ കരാര്‍ അനുസരിച്ചുള്ള തൊഴില്‍ ഉറപ്പുകള്‍ പാലിക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടില്ലെന്നും അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു.
കരാര്‍ പൂര്‍ണ്ണമായും നടപ്പിലാകുമെന്ന് റോഷല്‍ സി.ഇ.ഒ റോമന്‍ ഷിമാനോവ് പ്രത്യാശ പ്രകടിപ്പിച്ചു. അതേസമയം, കരാറുമായി ബന്ധപ്പെട്ട് സ്റ്റെല്ലാന്റിസ് ബ്രാംപ്റ്റണ്‍ പ്ലാന്റിനായി കൈപ്പറ്റിയ 24 മില്യണ്‍ ഡോളര്‍ തിരികെ നല്‍കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. പ്ലാന്റിന്റെ 25 ശതമാനം ഭാഗം ഇലക്ട്രിക് വാഹന അസംബ്ലിക്കായി സ്റ്റെല്ലാന്റിസ് തിരികെ പാട്ടത്തിനെടുക്കുമെന്നും വിവരമുണ്ട്.
