വാഷിങ്ടണ്‍: ഇറാനില്‍നിന്നുള്ള വധഭീഷണിയെ തുടര്‍ന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് വാഷിങ്ടണിലെ വസതി ഒഴിഞ്ഞു. കടുത്ത സുരക്ഷാ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തെ സൈനിക താവളത്തിലേക്ക് മാറ്റിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ബെസന്റിനു നേരെയുണ്ടായ ഭീഷണിയുടെ സ്വഭാവത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്താണ് തീരുമാനം.
അമേരിക്കന്‍ ഉദ്യോഗസ്ഥരെയും പൗരന്മാരെയും ലക്ഷ്യമിട്ട് ഇറാന്റെ ഭാഗത്തുനിന്നുള്ള സുരക്ഷാ ഭീഷണികള്‍ വര്‍ധിച്ചുവരികയാണെന്ന് ട്രംപ് ഭരണകൂടത്തിലെ രഹസ്യാന്വേഷണ വിഭാഗം സൂചന നല്‍കിയിട്ടുണ്ട്. ചില ആക്രമണ പദ്ധതികള്‍ അപകടകരമായ ഘട്ടത്തിലെത്തിയെന്ന വിലയിരുത്തലുമുണ്ട്. എന്നാല്‍, യുഎസ് മണ്ണില്‍ വലിയ തോതിലുള്ള ആക്രമണങ്ങള്‍ നടത്താനുള്ള ഇറാന്റെ ശേഷി പരിമിതമാണെന്നാണ് പൊതുവെയുള്ള അമേരിക്കന്‍ വിലയിരുത്തല്‍. ഇത്തരം ആരോപണങ്ങളും പദ്ധതികളും ഇറാന് നേരത്തെ തള്ളിക്കളഞ്ഞിരുന്നു.

അതേസമയം, ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധ നടപടികള്‍ക്ക് നേതൃത്വം നല്കുന്ന പ്രധാന വ്യക്തിയായ ബെസന്റിനെ ഭീഷണികള്‍ ഉപയോഗിച്ച് പിന്നാക്കം വലിപ്പിക്കാനാവില്ലെന്ന് യുഎസ് ട്രഷറി വകുപ്പ് വക്താവ് വ്യക്തമാക്കി. ബെസന്റിനെ സൈനിക താവളത്തിലേക്ക് മാറ്റിയതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രതികരണത്തിന് ട്രഷറി വകുപ്പ് തയ്യാറായിട്ടില്ല.
