റെജൈന: ജോലിസ്ഥലങ്ങളിൽ പരുക്കേൽക്കുന്ന തൊഴിലാളികളുടെ ക്ഷേമവും പുനരധിവാസവും ഉറപ്പാക്കുന്നതിനായി വർക്കേഴ്സ് കോമ്പൻസേഷൻ നിയമത്തിൽ (WCB) നിർണായക ഭേദഗതികളുമായി കാനഡയിലെ സസ്കാച്വാൻ സർക്കാർ. തൊഴിലാളികളുടെ നഷ്ടപരിഹാര സംവിധാനം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനുള്ള ബിൽ വർക്കേഴ്സ് കോമ്പൻസേഷൻ ബോർഡിന്റെ ചുമതലയുള്ള മന്ത്രി കെൻ ചെവെൽഡയോഫ് നിയമസഭയിൽ അവതരിപ്പിച്ചു.
പുതിയ ഭേദഗതി പ്രകാരം ജോലിസ്ഥലത്ത് പരുക്കേറ്റ തൊഴിലാളികൾക്ക് ചികിത്സയ്ക്കായി ജോലിയിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരുന്ന സമയത്തെ വേതനം പൂർണമായും ലഭിക്കും. നിലവിലെ സംവിധാനത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനൊപ്പം തൊഴിലാളികൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.
അപ്പീൽ നൽകുന്നതിനുള്ള സമയപരിധി രണ്ട് വർഷമായി നിശ്ചയിക്കുന്നതും ബില്ലിലെ പ്രധാന നിർദേശമാണ്. മാനസികാരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട നഷ്ടപരിഹാര ക്ലെയിമുകളുടെ യോഗ്യതാ മാനദണ്ഡങ്ങൾ വ്യക്തമാക്കുന്നതിനും രോഗനിർണയം നടത്താൻ കൂടുതൽ ആരോഗ്യ വിദഗ്ധർക്ക് അംഗീകാരം നൽകുന്നതിനും വ്യവസ്ഥയുണ്ട്. അപ്പീൽ പാനലുകളിൽ വിദഗ്ധരായ മെഡിക്കൽ പ്രൊഫഷണലുകളെ ഉൾപ്പെടുത്താനും നിർദേശമുണ്ട്.

തൊഴിലുടമകൾക്ക് ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്ന നടപടികൾ ലളിതമാക്കുന്നതിനൊപ്പം ജീവനക്കാരുടെ സ്വകാര്യത സംരക്ഷിക്കുന്നതിനും ഭേദഗതികൾ ലക്ഷ്യമിടുന്നു. ഡബ്ല്യു.സി.ബിയുടെ വാർഷിക ആനുകൂല്യ പദ്ധതി പരിഷ്കരിക്കൽ, പഴയ ജോലിസ്ഥല പരുക്കുകൾ വീണ്ടും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമ്പോൾ ലഭിക്കേണ്ട ആനുകൂല്യങ്ങളിൽ വ്യക്തത വരുത്തൽ, ആശ്രിതരായ പങ്കാളികൾക്കുള്ള ആനുകൂല്യങ്ങൾ ഏകീകരിക്കൽ തുടങ്ങിയ നിർദേശങ്ങളും ബില്ലിലുണ്ട്.
ഡബ്ല്യു.സി.ബി ജീവനക്കാരിൽ നിന്നും നഷ്ടപരിഹാരത്തിനായി അപേക്ഷിച്ച തൊഴിലാളികളിൽ നിന്നും ലഭിച്ച നിർദേശങ്ങൾ പരിഗണിച്ചാണ് നിയമഭേദഗതികൾ തയ്യാറാക്കിയതെന്ന് അധികൃതർ വ്യക്തമാക്കി.
തട്ടിപ്പുകളോ അനാവശ്യ ആനുകൂല്യ വിതരണമോ തടയുകയല്ല, മറിച്ച് നഷ്ടപരിഹാര സംവിധാനം കൂടുതൽ കാര്യക്ഷമമാക്കി തൊഴിലാളികളെ വേഗത്തിൽ ജോലിയിലേക്ക് മടങ്ങാൻ സഹായിക്കുകയാണ് ലക്ഷ്യമെന്ന് ഡബ്ല്യു.സി.ബി സി.ഇ.ഒ ഫിൽ ജർമെയ്ൻ പറഞ്ഞു. നിർദിഷ്ട ഭേദഗതികൾ ബോർഡിന് അധിക സാമ്പത്തിക ബാധ്യതയോ സാമ്പത്തിക ലാഭമോ ഉണ്ടാക്കില്ലെന്നും നീതിപൂർവമായ ഭരണനിർവഹണം ഉറപ്പാക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
